ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചു

​​​​​​​

 
supplyco

തിരുവനന്തപുരം:ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. 

ഇതില്‍ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയില്‍ വില്‍പ്പന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വില്‍പ്പന, റെക്കോര്‍ഡുകള്‍ ഭേദിച്ചു.

ഓഗസ്റ്റ് 29ന് വില്‍പ്പന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബര്‍ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു.


അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു.


 സെപ്റ്റംബര്‍ 3 വരെ 1.19 ലക്ഷം ക്വിന്റല്‍ അരി വില്‍പ്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റര്‍ ശബരി വെളിച്ചെണ്ണ  വില്‍പ്പനയിലൂടെ 68.96  കോടി രൂപയുടെയും  1.11 ലക്ഷം ലിറ്റര്‍ കേര  വെളിച്ചെണ്ണ  വില്‍പ്പനയിലൂടെ  4.95  കോടി രൂപയുടെ വിറ്റുവരവുണ്ടായി.

ജില്ലാ ഫെയറുകളില്‍  4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളില്‍ 14.41 കോടി രൂപയുടെയും വില്‍പ്പന നടന്നു.

മഞ്ഞ കാര്‍ഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തില്‍ ഉച്ചവരെ 90 ശതമാനം പൂര്‍ത്തിയായി.

വിലക്കയറ്റമില്ലാത്തതും സമൃദ്ധവുമായ ഓണം മലയാളികള്‍ക്ക് നല്‍കാന്‍ കഴിയും വിധം സപ്ലൈകോയുടെയും പൊതുവിതരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കിയ സപ്ലൈകോയുടെ ദിവസവേതന പായ്ക്കിംഗ് കരാര്‍ തൊഴിലാളികളടക്കമുള്ള ജീവനക്കാര്‍ക്കും വകുപ്പ് ജീവനക്കാര്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. എല്ലാവര്‍ക്കും മന്ത്രി ഓണാശംസകളും നേര്‍ന്നു.
 

Tags

Share this story

From Around the Web