വില്ലനെ വീഴ്ത്തിയ ‘ളോഹ’ ഇട്ട സൂപ്പർ ഹീറോ: കുറ്റവാളിയെ സാഹസികമായി കീഴ്‌പ്പെടുത്തി കത്തോലിക്കാ വൈദികൻ

 
Canen

ഡെട്രോയിറ്റിലെ കത്തോലിക്കാ വൈദികനായ റവ. കാനൻ ജീൻ-ബാപ്റ്റിസ്റ്റ് കോമിൻസ്, കഴിഞ്ഞ ദിവസം തന്റെ പള്ളിക്ക് മുന്നിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച കുറ്റവാളിയെ ഒട്ടും മടിക്കാതെ സാഹസികമായി പിടികൂടിയതിലൂടെ പത്രമാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലെയും തരംഗമായി മാറിയിരിക്കുകയാണ്. തോക്കോ മറ്റ് മാരകായുധങ്ങളോ കൈയിലുണ്ടോ എന്ന് പോലും ചിന്തിക്കാതെ, സമൂഹത്തിന്റെ സുരക്ഷയ്ക്കായി അദ്ദേഹം കുറ്റവാളിയെ കീഴ്‌പ്പെടുത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം പള്ളിയുടെ പാർക്കിംഗ് സ്ഥലത്ത് നിൽക്കുമ്പോഴാണ് കാനൻ കോമിൻസ് ടയറുകൾ ഉരസുന്ന ശബ്ദവും പിന്നാലെ വലിയൊരു അപകട ശബ്ദവും കേൾക്കുന്നത്. പൊലീസ് പിന്തുടരുന്നതിനിടയിൽ നിയന്ത്രണം വിട്ട ഒരു മോഷ്ടിച്ച കാർ മറ്റൊരു വണ്ടിയിലിടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒരു കാലിൽ മാത്രം ഷൂ ധരിച്ച ഒരു യുവാവ് കാറിൽ നിന്നിറങ്ങി ഓടാൻ തുടങ്ങി. ചുറ്റും നിന്നവർ “അവനെ പിടിക്ക്!” എന്ന് വിളിച്ചു പറഞ്ഞതോടെ ഫാ. കാനൻ കോമിൻസ് ഒട്ടും സമയം കളയാതെ രംഗത്തിറങ്ങി. ഓടി രക്ഷപ്പെടാൻ പരമാവധി പ്രതിരോധിച്ച പ്രതിയെ ശക്തമായി നേരിട്ട അദ്ദേഹം മറ്റൊരു ഇടവകാംഗത്തിന്റെ സഹായത്തോടെ പൊലീസുകാർ വരുന്നത് വരെ ഇയാളെ തറയിൽ കിടത്തി തടഞ്ഞുനിർത്തുകയും തുടർന്ന് പൊലീസിന് കൈമാറുകയും ചെയ്തു.


സാഹസികമായി കുറ്റവാളിയെ കീഴ്‌പ്പെടുത്തിയ ശേഷവും ഒരു യഥാർഥ ആത്മീയ ഇടയന്റെ ഉള്ളറിവോടെയാണ് അച്ചൻ പെരുമാറിയത്. അപകടത്തിൽപ്പെട്ട മറ്റേ കാറിനുള്ളിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തയുടൻ തന്നെ, അച്ചൻ അവർക്കരികിലേക്ക് ഓടിയെത്തി. മെഡിക്കൽ സംഘത്തോടൊപ്പം ചേർന്ന് ആ സ്ത്രീയ്ക്ക് ആവശ്യമായ കരുതൽ നൽകാൻ അച്ചൻ മുൻകൈ എടുത്തു. ഭാഗ്യവശാൽ അവരുടെ പരിക്കുകൾ ഗുരുതരമല്ലായിരുന്നു. ഇത്രയും വലിയൊരു സംഭവത്തിന് ശേഷവും യാതൊരു ഭാവമാറ്റവുമില്ലാതെ, തന്റെ പതിവ് പ്രാർഥനകളിലേക്കും സമൂഹത്തിലേക്കും അദ്ദേഹം മടങ്ങിയെത്തി.

ഫ്രഞ്ച് പൗരനായ ഫാ. കാനൻ കോമിൻസ് ഒരു സൈനിക കുടുംബത്തിലാണ് വളർന്നത്. കുട്ടിക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച അദ്ദേഹം ന്യൂ ഹാംഷെയറിലെ പഠനകാലത്താണ് ഐസ്-സ്കേറ്റിംഗിൽ അസാധാരണ പ്രാവീണ്യം നേടിയത്. 2015-ൽ വൈദികനായ അദ്ദേഹം നിലവിൽ സെന്റ് ജോസഫ് ഷ്രൈനിലെ റെക്ടർ ആയി സേവനമനുഷ്ഠിക്കുന്നതിനൊപ്പം തിയോളജിയിൽ ഉപരിപഠനവും നടത്തുന്നുണ്ട്.

Tags

Share this story

From Around the Web