ചൂടിന് ആശ്വാസമായി വേനല്‍മഴ. ഇടുക്കിയില്‍ ആലിപ്പഴ വര്‍ഷം. വിവിധ ജില്ലകളില്‍ മഴ തുടരും

 
Rain kerala

സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വിവിധ ജില്ലകളില്‍ വേനല്‍മഴ എത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പലയിടങ്ങളിലും മഴ പെയ്തു. ഇടുക്കി ജില്ലയിലെ ദേവികുളത്ത് മഴയ്‌ക്കൊപ്പം ശക്തമായ ആലിപ്പഴ വര്‍ഷവും ഉണ്ടായി.

മൂന്നാറിലും പരിസര പ്രദേശങ്ങളിലും പകല്‍ സമയത്ത് ശക്തമായ ചൂടായിരുന്നെങ്കിലും വൈകുന്നേരത്തോടെ കാലാവസ്ഥ മാറിമറിഞ്ഞു. ദേവികുളത്താണ് മഴയ്‌ക്കൊപ്പം ആലിപ്പഴം പെയ്തത്. 

കോഴിക്കോട് പന്തീരങ്കാവില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഓഫീസുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാറില്‍ യു.വി സൂചിക 8 ആണ് രേഖപ്പെടുത്തിയത്.

ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മാര്‍ച്ച് 20, 21 തീയതികളില്‍ തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കും. 

മറ്റ് ജില്ലകളില്‍ താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. മഴ ലഭിക്കാത്ത ഇടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു.

Tags

Share this story

From Around the Web