വേനൽമഴയും അവധിയും ആശ്വാസമായി; കേരളത്തിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെക്കോർഡ് വേഗത്തിൽ ഉയർന്നു കൊണ്ടിരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഞായറാഴ്ച അവധി ദിവസമായതിനാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചതിനാലുമാണ് ഉപഭോഗം താഴേക്ക് വന്നത്. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ആകെ ഉപഭോഗമായി കണക്കാക്കിയിരിക്കുന്നത്. വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും ഗണ്യമായ കുറവുണ്ടായി. 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയർന്ന ആവശ്യകത.
ആവശ്യമായ വൈദ്യുതിയിൽ വലിയൊരു ഭാഗവും പുറത്തുനിന്നാണ് കേരളം എത്തിച്ചത്.
84.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയപ്പോൾ, 19.55 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തര ജലവൈദ്യുതി പദ്ധതികളിൽ നിന്നും ഉത്പാദിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രേഖപ്പെടുത്തിയത്.
അന്ന് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഉപഭോഗം കുറഞ്ഞത് കെ.എസ്.ഇ.ബിക്ക് വലിയ ആശ്വാസമായത്.