അരുവിത്തുറ കോളേജിന്റെ സുജിത്ത് ഇനി ഇന്ത്യന്‍ സൈന്യത്തിനു സ്വന്തം
 

 
aruvithara college

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥിയും വോളിബോള്‍ ടീം അംഗവുമായ സുജിത്ത് ഇനി ഇന്ത്യന്‍ ആര്‍മിയുടെ ജഴ്‌സിയണിയും. ഓഗസ്റ്റില്‍ ഹൈദരാബാദില്‍ നടന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കായുള്ള സെലക്ഷന്‍ ക്യാമ്പിലേയ്ക്ക് ക്ഷണിക്കപ്പെട്ട സുജിത്തിനെ ഉയര്‍ന്ന ഉദ്യോഗം നല്‍കി സൈന്യത്തില്‍ നിയമിക്കുകയായിരുന്നു.പന്ത്രണ്ടാം ക്ലാസിനു ശേഷം ഐടിഐ പഠനം പൂര്‍ത്തിയാക്കിയ  സുജിത്തിന്റെ ബാല്യത്തില്‍ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.


ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയില്‍ അട്ടപ്പാടി സ്വദേശിയായ മുന്‍ വോളിബോള്‍ താരം ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് ചില സുമനസ്സുകളുടെ സഹായത്തോടെ വോളി ബോളിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത സുജിത്തിനെ വോളിബോളിലേക്ക് എത്തിക്കുന്നത്. 

അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് ജേക്കബ്ബ്  സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.ചുരുങ്ങിയ സമയം കൊണ്ട് എംജി യൂണിവേഴ്‌സിറ്റി ടീമില്‍ ഇടം നേടിയ സുജിത്ത് കഴിഞ്ഞ വര്‍ഷം അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിനെ എംജി യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാര്‍ ആക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു.


 കഴിഞ്ഞ വര്‍ഷം ഫെഡറേഷന്‍ കപ്പിനായി ഉള്ള ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിന്റെ അനിഷേധ്യ ഘടകമായി മാറാനും സുജിത്തിന് കഴിഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാകും മുന്‍പേ ഇന്ത്യന്‍ സൈന്യത്തില്‍ നിയമനം ലഭിച്ച സൂജിത്തിനെ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് മൊമന്റൊ നല്‍കി ആദരിച്ചു. 

സുജിത്തിന്റെ അഭിമാനാര്‍ഹമായ നേട്ടത്തില്‍ കോളേജ് മനേജര്‍ വെരി റവ ഫാ മാത്യു ചന്ദ്രന്‍ കുന്നേല്‍, കോളേജ് ബര്‍സാര്‍ റവ.ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ , കായിക വിഭാഗം മേധാവി ഡോ. വിയാനി ചാര്‍ളി വോളി ബോള്‍ കോച്ച് ജേക്കബ്ബ് ജോസഫ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Tags

Share this story

From Around the Web