ആത്മഹത്യാ പ്രതിരോധം: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു
തിരുവല്ല: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ബിലീവേഴ്സ് ആശുപത്രി പബ്ലിക് റിലേഷൻസ്, സൈക്യാട്രി, എമർജൻസി വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് സ്കൂളുകളിൽ പ്രസ്തുത ക്ലാസുകൾ നടത്തിയത്. എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ , വള്ളംകുളം നാഷണൽ ഹൈസ്കൂൾ, ആലന്തരുത്തി കണ്ണശ സ്മാരക സ്കൂൾ, കുറ്റൂർ ജി.എച്ച്.എസ്.എസ്,തിരുമൂലപുരം എസ്.എൻ.വി എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി തൊള്ളായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.
തിരുവല്ല സി.ഐ ശ്രീ.ഗോപകുമാർ പി എസ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിവിധ സ്കൂളുകളിലെ ബോധവത്കരണക്ലാസുകളിൽ പങ്കെടുക്കുകയും ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള പദ്ധതികളെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. ബിലീവേഴ്സ് ആശുപത്രി ആസൂത്രണം ചെയ്ത ഈ പരിപാടി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ (തിരുവല്ല) മല്ലിക പി ആർ ഇന്റെ പിന്തുണയോടുകൂടി സ്കൂളുകളിൽ അറിയിക്കുകയായിരുന്നു.
"You Matter- Let's Talk, Let's Listen, Let's Live" എന്ന സന്ദേശത്തിലൂടെ ജീവന്റെയും ജീവിതത്തിന്റെയും പ്രാധാന്യം, മാനസികാരോഗ്യത്തിന്റെ ആവശ്യകത, സമ്മർദ്ദങ്ങളിൽ പരസ്പരം താങ്ങാകാവുന്നതെങ്ങനെ, കൃത്യസമയത്ത് സഹായം തേടേണ്ടതിന്റെ ആവശ്യകത, ആത്മഹത്യയ്ക്കെതിരെയുള്ള സാമൂഹിക മനോഭാവം മാറ്റിയെടുക്കൽ, തുടങ്ങിയ വിഷയങ്ങൾ വിശദമായി സംസാരിച്ചു.
ഒരു മാസം നീണ്ട ബോധവത്കരണ പരിപാടികളുടെ സമാപന സമ്മേളനം ഇരവിപേരൂർ,സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ് ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്സ് ആശുപത്രി പബ്ലിക് റിലേഷൻസ് മാനേജർ വിന്നി എലിസബത്ത് ജോൺസൺ വിഷയാവതരണം നടത്തി.
സൈക്യാട്രി വിഭാഗം കൺസൾറ്റന്റ് സൈക്കോളജിസ്റ്റ് ഐവിൻ സൂസൻ അലക്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജെനി ആൻ ജോർജ് എന്നിവർ ബോധവൽക്കരണ സെഷന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഷിബു കെ. ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് രാധിക വി , സിബി ജോർജ് മാത്യു എന്നിവർ സംസാരിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും മരുന്നോ ചികിത്സകളോ മുടങ്ങുന്നുണ്ടെങ്കിൽ ബിലീവേഴ്സ് ആശുപത്രി ആസൂത്രണം ചെയ്തിരിക്കുന്ന 'ജനപ്രിയ ക്ലിനിക്കുകൾ'വഴി സ്കൂളുകളിൽ സേവനം ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും ഫസ്റ്റ് എയ്ഡ് മാനുവൽ അടങ്ങിയ സുരക്ഷാ സൗഹൃദ കിറ്റുകൾ വിതരണം ചെയ്തു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടത്തിവരുന്ന ഇത്തരം പദ്ധതികൾ സമൂഹത്തിന് മാതൃകാപരമാണെന്ന് ജനപ്രതിനിധികളും, പ്രഥമാദ്ധ്യാപകരും സാക്ഷ്യപ്പെടുത്തി. സാമൂഹിക പ്രതിബദ്ധത മുൻ നിർത്തിയുള്ള ഇത്തരം സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുക എന്നതാണ് ബിലീവേഴ്സ് ആശുപത്രിയുടെ ലക്ഷ്യം.