2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ ചാവേര്‍ ബോംബാക്രമണം: രാജ്യത്തെ മുന്‍ ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ സുരേഷ് സല്ലഅറസ്റ്റില്‍
2019-ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ ചാവേർ ബോംബാക്രമണങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ മുൻ ഇന്റലിജൻസ് മേധാവി മേജർ ജനറൽ സുരേഷ് സല്ലെയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗൂഢാലോചന നടത്തിയെന്നും അക്രമികളെ സഹായിച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ബുധനാഴ്ച പുലർച്ചെ കൊളംബോയിലെ പ്രാന്തപ്രദേശത്തുനിന്നും അദ്ദേഹത്തെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കസ്റ്റഡിയിലെടുത്തത്. 2019-ലെ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സുരേഷ് സല്ലെയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. 2023-ൽ ബ്രിട്ടീഷ് ചാനലായ 'ചാനൽ 4' പുറത്തുവിട്ട ഒരു ഡോക്യുമെന്ററിയിൽ, ആക്രമണത്തിന് മുൻപ് സല്ലെ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. അന്നത്തെ രാഷ്ട്രീയ മാറ്റങ്ങൾക്കായി ബോധപൂർവ്വം ആക്രമണത്തിന് ഒത്താശ ചെയ്തുകൊടുത്തു എന്നാണ് പ്രധാന ആരോപണം.
2019-ൽ ഗോതബയ രാജപക്സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സല്ലെയെ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ തലവനായി നിയമിച്ചത്. എന്നാൽ 2024-ൽ അനുര കുമാര ദിസനായകെ അധികാരമേറ്റതോടെ, ഈസ്റ്റർ ആക്രമണത്തിൽ നീതി ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും സല്ലെയെ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. 2019 ഏപ്രിൽ 21-ന് മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിൽ 279 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 45 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതിനായി കത്തോലിക്കാ സഭയും കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്തും വർഷങ്ങളായി നടത്തിവരുന്ന നിയമപോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.