കോതമംഗലം എംഎ കോളജിലെ വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ അംഗീകരിച്ച് മാനേജ്മെന്റ്
കോതമംഗലം: കടുത്ത പ്രതിഷേധത്തിനൊടുവില്‍ കോതമംഗലം എംഎ കോളജിലെ വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് സമരം താല്‍ക്കാലികമായി പിന്‍വലിച്ചത്.
വിദ്യാര്‍ഥി മിച്ചു മാര്‍പ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യമുള്ള അന്വേഷണ സമിതി രൂപീകരിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി.
ക്യാമ്പസിനകത്തുള്ള മാനേജ്മെന്റ് പ്രതിനിധികള്‍ക്കൊപ്പം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പങ്കാളിത്തമുള്ള അന്വേഷണ സമിതിയായിരിക്കും രൂപീകരിക്കുക. മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ധാരണയായി.
അന്വേഷണം നടക്കുന്ന സമയത്ത് ഡീന്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരികള്‍ മാറിനില്‍ക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. അന്വേഷണത്തില്‍ മരണത്തിന് ഉത്തരവാദികളായവരുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിലോ മറ്റ് നടപടികളിലോ ഇടപെടല്‍ ഉണ്ടാകില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു തരത്തിലുള്ള അച്ചടക്ക നടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുന്നിലെത്തിക്കുന്നതിനുമായി നിലവിലെ കോളജ് യൂണിയന്റെ കാലാവധി നീട്ടിനല്‍കാനും തീരുമാനമായി.
വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച 12 ആവശ്യങ്ങളും അന്വേഷണ സമിതി ചര്‍ച്ച ചെയ്യുമെന്നും മാനേജ്മെന്റ് അറിയിച്ചു. പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതില്‍ തൃപ്തിയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
എസ്എഫ്‌ഐ, കെ.എസ്.യു ഉള്‍പ്പെടെയുള്ള ക്യാമ്പസിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുമിച്ച് ചേര്‍ത്താണ് സമരത്തിന് നേതൃത്വം നല്‍കിയത്. ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.