ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസിക്കെതിരെ പരാതി
ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് യാത്ര ചെയ്യാൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുത്ത ബികോം ഒന്നാം വർഷ വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടതായി പരാതി.
നവംബർ ഏഴിന് രാത്രി 8.30-ഓടെ RPC 332 നമ്പറിലുള്ള ബസിലാണ് സംഭവം. സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ച ജീവനക്കാർ വിദ്യാർഥിനിക്ക് ഹരിപ്പാട്ടേക്ക് പോകാൻ ബദൽ യാത്രാസൗകര്യം ഒരുക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് യാത്ര തിരിച്ച വിദ്യാർഥിനി ആലപ്പുഴയിലെത്തിയപ്പോഴാണ് സർവീസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നും തുടർയാത്ര സാധ്യമല്ലെന്നും ജീവനക്കാർ അറിയിച്ചത്.
തുടർന്ന് യാത്രക്കാരെ ഇറക്കിവിട്ട് ജീവനക്കാർ മടങ്ങുകയായിരുന്നു. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന വിദ്യാർഥിനിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ബദൽ സംവിധാനം ഒരുക്കാൻ പോലും ജീവനക്കാർ തയ്യാറായില്ലെന്നാണ് കുടുംബം പറയുന്നത്.
സംഭവത്തെക്കുറിച്ച് ആലപ്പുഴ കെഎസ്ആർടിസി. ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പരാതി സ്വീകരിച്ചില്ലെന്നും അടുത്ത ദിവസം രാവിലെ പത്തുമണിക്ക് എത്തിയാൽ പരാതി സ്വീകരിക്കാമെന്നായിരുന്നു മറുപടിയെന്നും കുടുംബം ആരോപിക്കുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം ആലപ്പുഴ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പന്തളം സ്വദേശിയായ വിദ്യാർഥിനിയുടെ മാതാപിതാക്കൾ ഒടുവിൽ സ്ഥലത്തെത്തി. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷമാണ് വിദ്യാർഥിനിയെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോയത്.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊതുപ്രവർത്തകൻ ബസ് ചേർത്തല ഡിപ്പോയിലേതാണെന്ന് കണ്ടെത്തി അവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ബസ് ഡിപ്പോയിൽ തിരിച്ചെത്തിയെന്നും റോഡിലെ ഗതാഗതക്കുരുക്ക് കാരണം സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നുവെന്നുമാണ് ചേർത്തല ഡിപ്പോയിലെ ഉദ്യോഗസ്ഥർ ആദ്യം നൽകിയ വിശദീകരണം.
എന്നാൽ വിദ്യാർഥിനിയെ രാത്രിയിൽ ആലപ്പുഴയിൽ ഇറക്കിവിട്ട സംഭവത്തിലെ ഉത്തരവാദിത്വക്കുറവ് ചൂണ്ടിക്കാട്ടിയതോടെ ബസിന് തകരാർ സംഭവിച്ചതിനാലാണ് സർവീസ് അവസാനിപ്പിച്ചതെന്ന നിലപാടിലേക്ക് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ മാറിയതായും ആരോപണമുണ്ട്.