ഡല്‍ഹിയില്‍ മിന്നല്‍ സമരവുമായി വിദ്യാര്‍ഥി സംഘടനകള്‍; പ്രവര്‍ത്തകരെ വലിച്ചിഴച്ച് പോലീസ്; സംഘര്‍ഷം
ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം. ഇടതു വിദ്യാര്‍ഥി സംഘടനകളായ എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്., എന്‍.എസ്.യു.ഐ. സംഘടനകള്‍ ചൊവ്വാഴ്ച മിന്നല്‍ സമരം നടത്തി.
ആര്‍.എ.എഫും സി.ആര്‍.പി.എഫും പോലീസും തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. കൊണാട്ട് പ്ലേസിലും ജന്തര്‍മന്തറിന് പരിസരത്തുമാണ് പ്രതിഷേധം.
ഡല്‍ഹി പോലീസിന്റെ സുരക്ഷാ സന്നാഹങ്ങളെ വെട്ടിച്ച് കൊണാട്ട് പ്ലേസ്, ജന്‍പഥ് വഴി നീങ്ങിയ പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറിന് നൂറുമീറ്ററോളം സമീപമെത്തി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഇ.വി.എം. മെഷിനുകള്‍ റദ്ദാക്കുക, എസ്.ഐ.ആര്‍. പിന്‍വലിക്കുക, എസ്.ഐ.ആറിലൂടെ പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കുക എന്നിവയും ഗ്യാനേഷിന്റെ രാജിക്കൊപ്പം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. ജന്തര്‍ മന്ദര്‍ സമരത്തിനായി തുറന്നുനല്‍കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
മൂന്നര പതിറ്റാണ്ടിലേറെയായി ഡല്‍ഹിയുടെ പ്രധാന സമരകേന്ദ്രമായിരുന്ന ജന്തര്‍ മന്ദര്‍ അടച്ചുപൂട്ടിയ പോലീസ് നടപടിയെ എതിര്‍ത്ത പ്രതിഷേധക്കാര്‍, ആ കേന്ദ്രം തിരിച്ചുപിടിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ജന്തര്‍ മന്ദര്‍ അടച്ചാല്‍ കൊണാട്ട് പ്ലേസ് അടക്കമുള്ള മേഖലകളെ ജന്തര്‍ മന്ദറാക്കി മാറ്റുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.
എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇവരെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. പെണ്‍കുട്ടികളെയടക്കം വളരെ മൃഗീയമായ രീതിയിലാണ് പോലീസ് ആക്രമിച്ചതെന്നും റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനങ്ങളിലേക്ക് കയറ്റിയതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഇതിനിടെയാണ് എന്‍.എസ്.യു.ഐ. പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസിലേക്ക് പ്രതിഷേധം നടത്തിയത്. ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബാരിക്കേഡ് മറിച്ചിട്ട് ജന്തര്‍ മന്ദറിലേക്ക് കടക്കാന്‍ ശ്രമിച്ചും പോലീസ് വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. സമരത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ പലഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അധികമായി എത്തിച്ച കേന്ദ്രസേന ഡല്‍ഹിയില്‍തന്നെ തുടരുകയാണ്.