ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാഭ്യാസ പ്രതിഷേധം.വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ മെറ്റ വിലക്കിയതായി വിദ്യാര്‍ഥികള്‍. പരാതി വന്നതിന് പിന്നാലെ അക്കൗണ്ടുകള്‍ ലഭ്യമായി തുടങ്ങി
ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാഭ്യാസ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ മെറ്റ വിലക്കിയതായി വിദ്യാര്‍ഥികള്‍. സിജെപി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സൃഷ്ടിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വിലക്കിയെന്നാണ് പരാതി. സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് താത്കാലികമായി വിലക്കിയെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടുവെങ്കിലും നിലവില്‍ അക്കൗണ്ടുകള്‍ വീണ്ടും ലഭ്യമാകുന്നുണ്ട്.
ഇന്ന് രാവിലെ മുതല്‍ മെറ്റയില്‍ നിന്ന് വ്യാപക നടപടികള്‍ ഉണ്ടാകുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ സംശയിക്കുന്നത്. തിങ്കളാഴ്ച നടന്ന സന്‍സത് ചലോ മാര്‍ച്ചില്‍ വിവിധ വിദ്യാര്‍ഥികള്‍ പലയിടത്തുനിന്നായി വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തിയിരുന്നു. ഇതിന്റെ ഏകോപനത്തിനും മറ്റുമായാണ് വിവിധ വാട്ട്സ്ആപ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചത്. സ്റ്റുഡന്റ് മൂവ്മെന്റ് എന്ന് പേരിട്ടിട്ടുള്ള വിവിധ ഗ്രൂപ്പുകള്‍ വിലക്കിയതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് മെറ്റയ്ക്ക് ഇത്തരം നിര്‍ദേശങ്ങള്‍ ലഭിച്ചിരിക്കാമെന്നാണ് വിദ്യാര്‍ഥികള്‍ സംശയിക്കുന്നത്.
സിജെപിയുടെ പ്രധാന വക്താവായ സൗരവ് ദാസിന്റെ വാട്ട്സ്ആപ്പ് അക്കൗണ്ട് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മരവിച്ചതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും അല്‍പ സമയം മുമ്പ് അവര്‍ക്ക് ആക്സസ് തിരികെ കിട്ടിയിരുന്നു.
അതേസമയം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം എന്ന് സോനം വാങ്ചുക് കേന്ദ്രത്തെ കത്ത് മുഖാന്തരം അറിയിച്ചിട്ടുണ്ട്. നിരാഹാര സമരം സോനം വാങ്ചുകിനോട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയിലും അല്ലാതെയും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് സെലിബ്രിറ്റികളില്‍ നിന്നുള്‍പ്പെടെ പിന്തുണയേറുകയാണ്.