സിജെപി സമരം നേരിടാന്‍ പൊലീസ്: രാജ്യവ്യാപകമായി വിദ്യാര്‍ഥി നേതാക്കള്‍ കരുതല്‍ തടങ്കലില്‍, സിജെപി, എസ്എഫ്‌ഐ, എഐഎസ്എഫ് നേതാക്കള്‍ക്കെതിരെയാണ് നടപടി
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ സിപിഎം പാര്‍ട്ടി പഠന കേന്ദ്രമായ എച്ച്‌കെഎസ് സുര്‍ജിത് ഭവനില്‍ പൊലിസെത്തി.
രാജ്യവ്യാപകമായി വിദ്യാര്‍ഥി നേതാക്കള്‍ കരുതല്‍ തടങ്കലിലാക്കി പൊലീസ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉണ്ടോയെന്ന് അറിയാനാണ് പൊലീസ് എത്തിയത്. സിജെപി, എസ്എഫ്‌ഐ, എഐഎസ്എഫ് നേതാക്കള്‍ക്കെതിരെയാണ് നടപടി. സിജെപി നേതൃത്വത്തില്‍ നാളെ പ്രക്ഷോഭം നടക്കാനിരിക്കെയാണ് ഡല്‍ഹി പൊലീസ് എത്തിയത്.
സിജെപി നാഷനല്‍ ഓര്‍ഗനൈസേഷന്‍ കോ-ഇന്‍ചാര്‍ജ് ദീപക് ബല്യാനെ രാജസ്ഥാന്‍ പൊലീസ് വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ക്രോക്രോച്ച് ജനതാ പാര്‍ട്ടി എക്‌സില്‍ കുറിച്ചു. നാം ഒരു അടിയന്തിരാവസ്ഥയുടെ വക്കിലാണോയെന്നും എക്‌സ് പോസ്റ്റില്‍ ചോദിക്കുന്നു.
എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയും എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സത്യേഷ ലീവയെയും ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ, സമാനമായ രീതിയില്‍ എസ്എഫ്‌ഐ ജില്ലാ കണ്‍വീനര്‍ ആരിഫിനെയും ഉത്തര്‍പ്രദേശ് പൊലീസ് സഹാറന്‍പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ സഖാവ് സത്യേഷ ലീവയെയും കസ്റ്റഡിയിലുള്ള മറ്റുള്ളവരെയും ഉടനടി മോചിപ്പിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
പ്രതിഷേധം നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 23,000 സുരക്ഷാ ജീവനക്കാരെ ഡല്‍ഹി പൊലീസിന് കൈമാറിയിട്ടുണ്ട്. ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 15,000ത്തിലധികം ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.
കൂടാതെ സര്‍വകലാശാല അധികൃതരുമായും പി.ജി ഉടമകളുമായും സംസാരിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കമ്മറ്റി യോഗം തുടങ്ങാനിരിക്കെ നേതാക്കളും അവിടെ ഉണ്ടായിരുന്നു. പൊലീസ് പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്ത് വിട്ടിട്ടുണ്ട്.
എസ്എഫ്‌ഐ പ്രസിഡന്റ് ആദര്‍ശ് എം സജി, ജനറല്‍ സെക്രട്ടറി ശ്രിജന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ സുര്‍ജിത് ഭവനില്‍ ഉണ്ടായിരുന്നു. നേതാക്കള്‍ ജന്തര്‍മന്തര്‍ സമരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് പൊലീസ് എത്തിയത്. ലാത്തിക്ക് പുറമേ കേബിള്‍ പൈപ്പുകളും കയ്യില്‍ കരുതിയാണ് പൊലീസ് സംഘമെത്തിയത്. ഏറെസമയം ഓഫീസ് വളപ്പില്‍ നിലയുറപ്പിച്ചു. മൂന്നുദിന കേന്ദ്ര കമ്മിറ്റി യോഗം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്റെ കടന്നുകയറ്റം.