താമരശ്ശേരിയിൽ വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവം; സഹോദരങ്ങളടക്കം അടുത്ത ബന്ധുക്കൾ ചികിത്സയിൽ

 
Medical college

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ നടത്തും. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് പെണ്‍കുട്ടി പനി ബാധിച്ച് മരിക്കുന്നത്. മരണ കാരണം കണ്ടെത്താന്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.

അതേസമയം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് മരിച്ചത്. കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അനയ.

കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലാബ് പരിശോധനകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തു വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

Tags

Share this story

From Around the Web