വിശാഖപട്ടണത്തുനിന്നും മടങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മരണം; ട്രെയിന്‍ യാത്രയ്ക്കിടെയുള്ള സുരക്ഷയെക്കുറിച്ച് അന്വേഷണം
വിശാഖപട്ടണം: അസമിലെ കാമരൂപ് ജില്ലക്കാരിയായ ഇരുപതുകാരിയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണവുമായി റെയില്‍വേ പോലീസ്. വിശാഖപട്ടണത്തുനിന്ന് അസമിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗുവാഹത്തി ബി ബറൂവ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്.
നൃത്തപരിപാടികള്‍ക്കായി സംഘത്തോടൊപ്പം വിശാഖപട്ടണത്ത് എത്തിയതായിരുന്നു പെണ്‍കുട്ടി. പരീക്ഷയുള്ളതിനാല്‍ സംഘത്തില്‍ നിന്നും ഒറ്റയ്ക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഒക്ടോബര്‍ അഞ്ചിന് രാത്രി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിവേക് എക്സ്പ്രസ്സിലാണ് (ട്രെയിന്‍ നമ്പര്‍ 22503) പെണ്‍കുട്ടി അസമിലേക്ക് യാത്ര തിരിച്ചത്. യാത്രയ്ക്കിടയില്‍ കോച്ചില്‍ തിരക്ക് കൂടുതലാണെന്നും ചുറ്റും പുരുഷന്മാരായതിനാല്‍ ഭയമുണ്ടെന്നും പെണ്‍കുട്ടി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഫോണില്‍ സംസാരിച്ചിരുന്നു.
ഒക്ടോബര്‍ ആറിന് പുലര്‍ച്ചെയാണ് കുടുംബവുമായി അവസാനമായി സംസാരിച്ചത്. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്തതിനെ തുടര്‍ന്ന് അമ്മ റെയില്‍വേ ഹെല്‍പ്പ് ലൈനിലും പോലീസിലും പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ട്രെയിനിലെ എസ്-2 കോച്ചില്‍ പെണ്‍കുട്ടിയുടെ ലഗേജുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മലയാപുരത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിന് അരികില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.
സഞ്ചരിക്കുന്ന ട്രെയിനില്‍ നിന്ന് വീണതാണോ അതോ മറ്റ് സംഭവങ്ങള്‍ മരണത്തിലേക്ക് നയിച്ചതാണോ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും ഫോറന്‍സിക് പരിശോധനകള്‍ക്കും ശേഷമേ വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശാഖപട്ടണം സ്റ്റേഷനില്‍ പെണ്‍കുട്ടിയോടൊപ്പം കണ്ട വ്യക്തിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.