ചൈനയിൽ വീണ്ടും ശക്തമായ ചുഴലിക്കാറ്റ്; ‘ബാവി’ കരതൊട്ടു, 20 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു
ചൈനയിൽ ഒരു ആഴ്ചയ്ക്കിടെ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റായ ‘ബാവി’ കരതൊട്ടു. കിഴക്കൻ പ്രവിശ്യയായ ഷെജിയാംഗിലെ തായ്ഷൂ തീരത്താണ് ശനിയാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. തുടർന്ന് അർദ്ധരാത്രിയോടെ വെൻഷൂ തീരത്തും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അപകടസാധ്യതാ മേഖലകളിൽ നിന്ന് 20 ലക്ഷത്തോളം ആളുകളെയാണ് ചൈനീസ് അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഫ്രാൻസ് രാജ്യത്തോളം വ്യാപ്തിയുള്ള (ഏകദേശം 1,000 കിലോമീറ്റർ) ഈ ചുഴലിക്കാറ്റ്, മുൻപ് ജപ്പാനിലെ ദ്വീപുകളിലും തായ്‌വാനിലും കനത്ത മഴ പെയ്യിച്ചിരുന്നു. ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ് മൂലം ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേരാണ് കൊല്ലപ്പെട്ടത്. ഷെജിയാംഗിൽ മാത്രം 1.7 ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. പ്രവിശ്യയിൽ സ്കൂളുകൾ, ഓഫീസുകൾ എന്നിവ അടയ്ക്കുകയും തൊഴിൽ-വിനോദ പരിപാടികൾ നിർത്തലാക്കുകയും ചെയ്തു. 400-ലധികം വിമാന സർവീസുകളും നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കി.
മുൻകരുതൽ നടപടിയുടെ ഭാഗമായി തലസ്ഥാനമായ ബീജിംഗിൽ നിന്ന് നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ചൈനയുടെ തെക്കൻ മേഖലകളിൽ നാശം വിതച്ച ‘മെയ്സാക്’ ചുഴലിക്കാറ്റിൽ 39 പേർ കൊല്ലപ്പെടുകയും വ്യാപക കാർഷിക നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.