കൊളംബിയയിൽ ശക്തമായ ഭൂകമ്പം: പ്രശസ്തമായ ദൈവാലയങ്ങൾക്കും ബസിലിക്കകൾക്കും കനത്ത നാശനഷ്ടം
കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ രാജ്യത്തെ നിരവധി കത്തോലിക്കാ ദൈവാലയങ്ങൾക്കും പ്രശസ്തമായ ബസിലിക്കകൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഭൂകമ്പത്തെ തുടർന്നുണ്ടായ ശക്തമായ പ്രകമ്പനത്തിൽ പുരാതന നിർമ്മിതികളും കത്തീഡ്രലുകളും ഭാഗികമായി തകരുകയും കെട്ടിടങ്ങളിൽ വലിയ വിള്ളലുകൾ വീഴുകയും ചെയ്തു. ഓഗസ്റ്റ് പത്തിന് രാവിലെ പ്രാദേശിക സമയം 7:34 നാണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഈ ഭൂകമ്പത്തിൽ നിരവധി ആളുകൾ മരണപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികാരികൾ അറിയിച്ചു. ഒൻപതോളം പ്രവിശ്യകളെ ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്.
ഈ ഭൂകമ്പത്തിൽ രാജ്യത്തെ പ്രശസ്തമായ ഔവർ ലേഡി ഓഫ് ദി റോസറി കത്തീഡ്രൽ ബസിലിക്കയ്ക്ക് (Catedral Basílica Metropolitana de Nuestra Señora del Rosario) ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കൊളംബിയയിലെ ഏറ്റവും ഉയരം കൂടിയതും (119 മീറ്റർ) പ്രശസ്തവുമായ നിയോ-ഗോഥിക് ശൈലിയിലുള്ള ഈ കത്തീഡ്രലിന്റെ വശങ്ങളിലെ ഗോപുരങ്ങളിലൊന്ന് ഭൂകമ്പത്തിന്റെ ആഘാതത്തിൽ തകർന്നുവീഴുകയും കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന കുരിശ് താഴേക്ക് പതിക്കുകയും ചെയ്തു. വിശുദ്ധ കുർബാനയും മറ്റ് പ്രാർഥനകളും നടന്നിരുന്ന സമയത്ത് പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്വാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത കേടുപാടുകൾ സംഭവിച്ച ദൈവാലയങ്ങൾ തൽക്കാലത്തേക്ക് അടച്ചിടാൻ പ്രാദേശിക സഭാ അധികാരികൾ ഉത്തരവിട്ടു.
ചോക്കോ (Chocó) പ്രവിശ്യയിലെ സാഞ്ചോസെ ഡെൽ പാൽമർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു.