സ്‌ട്രോക്ക് തിരിച്ചറിഞ്ഞില്ല: 56കാരന്റെ കാല്‍ മുറിച്ചുമാറ്റി; പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം, കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ കാലാണ് മുറിച്ചുമാറ്റിയത്
എറണാകുളം: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. സ്‌ട്രോക്ക് തിരിച്ചറിയാത്തതിനെ തുടര്‍ന്ന് 56കാരന്റെ കാല്‍ മുറിച്ചുമാറ്റി. കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ കാലാണ് മുറിച്ചുമാറ്റിയത്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ രോഗിക്ക്, രോഗനിര്‍ണയം നടത്താതെ ജീവനക്കാര്‍ മരുന്ന് നല്‍കി മടക്കി അയക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 26നാണ് സംഭവം. കാലുവേദനയും പരിക്കുകളുമായി രാത്രിയില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുല്‍ ജബ്ബാറിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം കാര്യമായ കുഴപ്പമില്ലെന്നും മൂന്ന് മണിക്കൂറിനുള്ളില്‍ വേദന മാറുമെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
പിറ്റേന്ന് രാവിലയും വേദന മാറാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പരിശോധനയിലാണ് സ്‌ട്രോക്കിന്റെ ലക്ഷണമായിരുന്നെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ആറ് മണിക്കൂര്‍ മുമ്പേ ചികിത്സ ലഭിക്കേണ്ടതായിരുന്നുവെന്നും മനസിലാക്കുകയായിരുന്നു. എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്നത് പഠിക്കുന്ന വിദ്യാര്‍ഥികളാണെന്നും അവരെ കേസില്‍ ഉള്‍പ്പെടുത്തരുതെന്നും പറഞ്ഞ് അധികൃതര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ച് വിട്ടയക്കുകയായിരുന്നു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെങ്കിലും, രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നുമാണ് ആരോപണം.