താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം, വലിയ വാഹനങ്ങൾക്ക് വിലക്ക്
കോഴിക്കോട്: വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പൊലീസ് സേനയെ ഉടന്‍ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാര വാഹനങ്ങള്‍ക്കും പ്രവേശനം പൂര്‍ണമായും തടയണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ശക്തമാക്കാന്‍ താമരശ്ശേരി ചുരത്തില്‍ നിയോഗിച്ചിട്ടുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്കും നിര്‍ദേശം നല്‍കി. മണ്ണിടിച്ചിലോ മറ്റ് തടസ്സങ്ങളോ ഉണ്ടായാല്‍ ഉടന്‍ നീക്കം ചെയ്യുന്നതിനായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഉപകരണങ്ങള്‍, എക്‌സ്‌കവേറ്ററുകള്‍, മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ പ്രധാന ഹെയര്‍പിന്‍ വളവുകളില്‍, പ്രത്യേകിച്ച് ആറ് മുതല്‍ ഒമ്പത് വരെയുള്ള ഹെയര്‍പിന്‍ വളവുകളില്‍ സജ്ജമാക്കണം.
പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഏകോപിപ്പിച്ച് ചുരം മേഖലയില്‍ തുടര്‍ച്ചയായ പട്രോളിങ് നടത്താനും നിര്‍ദേശമുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകള്‍ക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.