വിഐപി യാത്രകൾക്ക് കർശന നിയന്ത്രണം; പൈലറ്റുമാർക്ക് മേൽ സമ്മർദ്ദം പാടില്ലെന്ന് ഡിജിസിഎ
ഡല്‍ഹി: വിഐപി, വിവിഐപി യാത്രകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ കര്‍ശന നിര്‍ദ്ദേശങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎ. മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും ഉള്‍പ്പെടെയുള്ള പ്രമുഖരെ വഹിച്ചുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രവര്‍ത്തനത്തില്‍ പൈലറ്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഡിജിസിഎ ഓപ്പറേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ജനുവരിയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
വിമാനത്തിന്റെ പ്രവര്‍ത്തന സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ പൈലറ്റുമാര്‍ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവും ഉണ്ടാകാന്‍ പാടില്ല. യാത്രയില്‍ അവസാന നിമിഷം മാറ്റങ്ങള്‍ വരുത്തേണ്ടി വന്നാല്‍ അത് മാനേജ്മെന്റ് വഴി മാത്രമേ ഏകോപിപ്പിക്കാവൂ; നേരിട്ട് പൈലറ്റുമാരുമായി സംസാരിക്കരുത്.
വിവിഐപി വിമാനങ്ങള്‍ പറത്തുന്ന പൈലറ്റ് ഇന്‍ കമാന്‍ഡിന് കുറഞ്ഞത് 3,000 മണിക്കൂര്‍ പറക്കല്‍ പരിചയം ഉണ്ടായിരിക്കണം. ഹെലികോപ്റ്ററുകളുടെ കാര്യത്തില്‍ ഇത് 2,000 മണിക്കൂറാണ്.
കാലാവസ്ഥാ വ്യതിയാനം മൂലമോ മറ്റ് സാങ്കേതിക കാരണങ്ങളാലോ യാത്ര തുടരണോ, വഴിതിരിച്ചുവിടണോ അതോ നിര്‍ത്തലാക്കണോ എന്ന് പൈലറ്റുമാരും എഞ്ചിനീയര്‍മാരും എടുക്കുന്ന തീരുമാനങ്ങള്‍ വിഐപികള്‍ മാനിക്കണമെന്ന് ഓപ്പറേറ്റര്‍മാര്‍ അവരെ ബോധ്യപ്പെടുത്തണം.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട വിമാന സര്‍വീസുകള്‍ക്കായി ഓരോ ഓപ്പറേറ്ററും ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണം.
ദീര്‍ഘനേരം പറക്കേണ്ടി വരുന്നത്, താല്‍ക്കാലികമായി തയ്യാറാക്കിയ ഹെലിപാഡുകള്‍, യാത്രാ പദ്ധതിയിലെ അടിക്കടിയുള്ള മാറ്റങ്ങള്‍ എന്നിവ വിഐപി പറക്കലുകളില്‍ വലിയ വെല്ലുവിളിയാണെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.