കണമല ഇറക്കത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ കർശന നിയന്ത്രണം
കോട്ടയം: ശബരിമല തീർത്ഥാടന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന കണമല ഇറക്കത്തിലേക്ക് ഭാരവാഹനങ്ങൾ കടത്തിവിടുന്നതിന് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
റോഡിന്റെ പ്രവേശന കവാടമായ കരിങ്കല്ലുമൂഴി ജംഗ്ഷനിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.
എരുമേലി - പമ്പ പാതയുടെ തുടക്കത്തിലുള്ള കരിങ്കല്ലുമൂഴിയിലെ കുത്തനെയുള്ള കയറ്റം വലിയ വാഹനങ്ങൾക്ക് ദുർഘടമാണ്.
കയറ്റം കയറാൻ പ്രയാസപ്പെടുന്ന ഭാരവാഹനങ്ങളെ കരിങ്കല്ലുമൂഴിയിൽ തടഞ്ഞ് റാന്നി റോഡ് വഴി പമ്പയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കയറ്റത്തിൽ വാഹനങ്ങൾ നിന്നുപോയതിനെത്തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് ഇവ തള്ളിനീക്കിയത്.
നിയന്ത്രണങ്ങളെത്തുടർന്ന് കരിങ്കല്ലുമൂഴിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
കണമല ഇറക്കം ആരംഭിക്കുന്ന പോലീസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഒരേസമയം 10 വാഹനങ്ങൾ വീതമാണ് കടത്തിവിടുന്നത്.
അതിതീവ്ര അപകട മേഖലയായ അട്ടിവളവിൽ എത്തുന്നതിന് മുമ്പ് വാഹനങ്ങൾ വീണ്ടും തടഞ്ഞുനിർത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് മുന്നോട്ട് വിടുന്നത്.
പോലീസ്, മോട്ടോർ വാഹന വകുപ്പ്, റോഡ് സേഫ് സോൺ എന്നിവയുടെ സംയുക്ത പട്രോളിംഗ് സ്ക്വാഡ് ഇറക്കത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ ഡ്രൈവർമാരുടെ ഉറക്കക്ഷീണം മാറ്റുന്നതിനായി ചൂട് ചുക്കുകാപ്പി നൽകിയ ശേഷമാണ് ഇറക്കത്തിലേക്ക് കടത്തിവിടുന്നത്.
വേഗത കുറച്ച് സഞ്ചരിക്കണമെന്ന നിർദ്ദേശം പല ഡ്രൈവർമാരും പാലിക്കാത്ത സാഹചര്യത്തിലാണ് പ്രവേശന കവാടത്തിൽ തന്നെ നിയന്ത്രണം കടുപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
വിവിധ ശബരിമല സീസണുകളിലായി നൂറിലേറെ പേർക്കാണ് കണമല ഇറക്കത്തിലെ അപകടങ്ങളിൽ ജീവൻ നഷ്ടമായത്.