ഡേ കെയറുകളുടെ നടത്തിപ്പില്‍ കര്‍ശന നിയമനിര്‍മ്മാണവും നിരീക്ഷണവും വേണം: പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ്
കൊച്ചി: വിവിധ പ്രദേശങ്ങളില്‍ നിന്നും കുട്ടികളുടെ പകല്‍ സംരക്ഷണകേന്ദ്രങ്ങളുടെ (ഡേ കെയര്‍ സെന്ററുകള്‍) നടത്തിപ്പിലെ ഗൗരവ്വമായ വീഴ്ചകളുടെയും, മനുഷ്യാവകാശ നിഷേധങ്ങളുടെയും വാര്‍ത്തകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍, കേരളത്തില്‍ ഇതിനായി ശക്തമായ നിയമനിര്‍മ്മാണവും നിയന്ത്രണവും നിരീക്ഷണവും അടിയന്തിരമായി നടപ്പിലാക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ആവശ്യപ്പെട്ടു.
തങ്ങളുടെ ഏറ്റവും വിലപ്പെട്ട നിധിയായ കുഞ്ഞുങ്ങളെ വിശ്വസിച്ച് ഏല്‍പ്പിച്ച് മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍, അവര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിലവിലെ പൊതുസംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിലവില്‍ ഡേ കെയറുകളുടെ നടത്തിപ്പിനായി ഏകീകൃതവും കര്‍ശനവുമായ പ്രത്യേക ലൈസന്‍സിങ് വ്യവസ്ഥകളോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ല എന്നത് ഈ മേഖലയിലെ വലിയൊരു വിടവാണ്.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് കെട്ടിടത്തിന്റെ ഘടനയും ശുചിത്വവും മാത്രം നോക്കി നല്‍കുന്ന പൊതുവായ വ്യാപാര ലൈസന്‍സ് (D&O License) മാത്രമാണ് ഇപ്പോള്‍ ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കുമുള്ളത്. കുട്ടികളുടെ പരിചരണ നിലവാരമോ അവരുടെ സുരക്ഷിതത്വമോ പരിശോധിക്കാന്‍ നിലവില്‍ വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സ്വകാര്യ ഡേ കെയറുകള്‍ക്കായി നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ സംവിധാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെറുമൊരു ലൈസന്‍സിങ് എന്നതിനപ്പുറം, സര്‍ക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെയും (വകുപ്പിന് കീഴിലുള്ള ശിശുസംരക്ഷണ വിഭാഗം) മാതൃശിശു സംരക്ഷണ സംവിധാനങ്ങളുടെയും നിരന്തരമായ ശ്രദ്ധയും ഇടപെടലും ഈ മേഖലയില്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷയും മനുഷ്യാവകാശങ്ങളും മുന്‍നിര്‍ത്തി താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ആവശ്യപ്പെടുന്നു:
നിര്‍ബന്ധിത ലൈസന്‍സിങ് അതോറിറ്റി:
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ അതോറിറ്റി രൂപീകരിക്കുകയും, മാനണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്യുക.
സര്‍ക്കാര്‍ വകുപ്പുകളുടെ നിരന്തര ശ്രദ്ധ:
മാതൃശിശു സംരക്ഷണ വകുപ്പിന്റെയും ശിശുസംരക്ഷണ വിഭാഗത്തിന്റെയും നേരിട്ടുള്ള മേല്‍നോട്ടവും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ഉറപ്പാക്കുക.
പശ്ചാത്തല പരിശോധന (Background Verification):
കുട്ടികളെ പരിചരിക്കുന്ന ജീവനക്കാരുടെ ക്രിമിനല്‍ പശ്ചാത്തലവും മാനസീകാരോഗ്യവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കണം.
തത്സമയ സിസിടിവി നിരീക്ഷണം:
എല്ലാ ഡേ കെയറുകളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കുകയും, മാതാപിതാക്കള്‍ക്ക് ഈ ദൃശ്യങ്ങള്‍ തത്സമയം (Live Streaming) കാണാനുള്ള സാങ്കേതിക സൗകര്യം ഒരുക്കുകയും വേണം.
കൃത്യമായ ചൈല്‍ഡ്-സ്റ്റാഫ് അനുപാതം:
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യത്തിന് കെയര്‍ ടേക്കര്‍മാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
സാമൂഹിക ഓഡിറ്റിംഗ്:
തദ്ദേശ ഭരണകൂടങ്ങളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തത്തോടെ പ്രാദേശിക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം.
വെറുമൊരു വാണിജ്യ സ്ഥാപനം എന്നതിനപ്പുറം 'ശിശുസംരക്ഷണം' എന്ന അതീവ ജാഗ്രത വേണ്ട മേഖലയായി ഡേ കെയറുകളെ കണ്ട്, എത്രയും വേഗം നിയമനിര്‍മ്മാണം നടത്താനും ശക്തമായ വകുപ്പുതല മേല്‍നോട്ടം ഉറപ്പാക്കാനും അധികാരികള്‍ തയ്യാറാകണമെന്ന് സാബു ജോസ് അറിയിച്ചു.
പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ്
Phone: 9446329343