കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കര്‍ശന എച്ച്‌ഐവി പരിശോധന. ഏറ്റവും കൂടുതല്‍ 18-നും 25-നും ഇടയില്‍ പ്രായമുള്ളവരില്‍
കര്‍ണാടകയില്‍ 18-നും 25-നും ഇടയില്‍ പ്രായമുള്ള ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത് പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (KSAPS) നിര്‍ദ്ദേശം സ്വീകരിച്ച് സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും എന്‍ജിനീയറിങ് സ്ഥാപനങ്ങളിലും എച്ച്ഐവി പരിശോധനയും കൗണ്‍സിലിംഗ് ക്യാമ്പുകളും നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (NACO) കണക്കുകള്‍ പ്രകാരം രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ നിലവില്‍ 2,60,000 പേരാണ് വൈറസ് ബാധിതരായി കഴിയുന്നത്.
സംസ്ഥാനത്ത് തങ്ങള്‍ക്ക് രോഗബാധയുണ്ടെന്ന വിവരം പോലുമറിയാതെ 54,000-ത്തോളം ആളുകള്‍ ജീവിക്കുന്നുണ്ട് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 18-നും 35-നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം ഏറ്റവും വേഗത്തില്‍ പടരുന്നതെന്നും, ഈ വിഭാഗത്തിലെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം 2023-24-ലെ 44,500-ല്‍ നിന്ന് 2025-26 ആയപ്പോഴേക്കും 66,600 ആയി വര്‍ധിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തോടൊപ്പം ലഹരി ഉപയോഗവും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ടെന്നും, ബോധവല്‍ക്കരണം ഇനിയും ശക്തമാക്കേണ്ടതുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
കോളേജുകളില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമായിരിക്കും പരിശോധനകളും സ്‌ക്രീനിംഗും നടത്തുക. കൂടാതെ, വിദ്യാര്‍ത്ഥികളുടെ സ്വകാര്യത പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്നതിനായി 'Know Your HIV Status' എന്ന പേരില്‍ ഒരു ക്യൂ.ആര്‍ അധിഷ്ഠിത ആപ്പും ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നുണ്ട്. രോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ ഈ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.