ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ അടക്കാതെ മുങ്ങിനടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്

 
mvd

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ അടക്കാതെ മുങ്ങിനടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. 


പിഴ അടയ്ക്കുന്നതില്‍ വരുത്തുന്ന വീഴ്ച തുടര്‍ന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. 

എംവിഡിയും പോലീസും നല്‍കുന്ന ചലാനുകളില്‍ ചെറിയൊരു ശതമാനം മാത്രമാണ് നിലവില്‍ പിഴയായി ലഭിക്കുന്നത് എന്ന സാഹചര്യത്തിലാണ് ഈ നീക്കം.

നിയമലംഘനവുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായോ, 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റണം. തുടര്‍ന്ന് 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ അല്ലെങ്കില്‍ താന്‍ തെറ്റുകാരനല്ലെന്ന് തെളിവ് സഹിതം ബോധ്യപ്പെടുത്തുകയോ വേണം.

 അഞ്ച് തവണയില്‍ കൂടുതല്‍ പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളുടെ ആര്‍സി, കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഒരു സേവനവും ഈ വാഹനത്തിന് ലഭിക്കില്ല.


മൂന്ന് മാസമായിട്ടും പിഴയടക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ട്. അപകടകരമായ ഡ്രൈവിംഗ്, റെഡ് സിഗ്‌നല്‍ ലംഘനം എന്നിവ ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് മാസം വരെ സസ്പെന്‍ഡ് ചെയ്യാനും അധികൃതര്‍ക്ക് അധികാരമുണ്ടാകും. 

നിയമലംഘകരുടെ വിവരങ്ങള്‍ ഉടന്‍ തന്നെ ദേശീയ പോര്‍ട്ടലുകളായ വാഹന, സാരഥി എന്നിവയിലേക്ക് കൈമാറും. 

ഇതോടെ ഇന്‍ഷുറന്‍സ് പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തടസ്സപ്പെടും. നിയമലംഘനം പതിവാക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഈ നടപടികള്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിയമലംഘകരുടെയും വാഹനങ്ങളുടെ വിവരങ്ങള്‍ വാഹന-സാരഥി പോര്‍ട്ടലിലേക്കും കൈമാറും.

Tags

Share this story

From Around the Web