ഒറ്റപ്പാലം നഗരത്തില്‍ തെരുവുനായ ഭീതി, ഡെലിവറി ജീവനക്കാരന് കടിയേറ്റു,ആക്രമണത്തില്‍ യുവാവിന്റെ ഇടതുകാലില്‍ ആഴത്തില്‍ മൂന്ന് മുറിവ്
പാലക്കാട്: ഒറ്റപ്പാലം നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു; ഡെലിവറി ജോലി ചെയ്യുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മായന്നൂര്‍ കൊണ്ടാഴി സ്വദേശിയായ സജിത്തിനാണ് (35) ചൊവ്വാഴ്ച(നവംബര്‍ 3) ഉച്ചയോടെ നഗരത്തിലെ കമലാലയം റോഡില്‍ വെച്ച് നായയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ഉപഭോക്താവിന് കൈമാറാന്‍ എത്തിയതായിരുന്നു സജിത്ത്.
ആക്രമണത്തില്‍ യുവാവിന്റെ ഇടതുകാലില്‍ ആഴത്തില്‍ മൂന്ന് മുറിവുകളേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലത്തും സമീപപ്രദേശങ്ങളിലുമായി ഇന്ന് മാത്രം നാലോളം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ മറ്റുളളവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടിയിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോഴും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.