തെരുവ് നായ ആക്രമണം രൂക്ഷം; ഉത്തരാഖണ്ഡിൽ നാല് ദിവസത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, അധ്യയനം ഓൺലൈനിലേക്ക് മാറ്റി
ചമോലി: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നാരായണ്‍ബഗാര്‍ മേഖലയിലെ സ്‌കൂളുകള്‍ക്ക് നാല് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓഗസ്റ്റ് 20 മുതല്‍ 23 വരെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ അടച്ചിടാന്‍ ചമോലി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആകാശ് സരസ്വത് ഉത്തരവിട്ടു.
അധ്യയനം മുടങ്ങാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ വളര്‍ത്തുനായ്ക്കളുടെയും തെരുവ് നായകളുടെയും കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് നടപടി.
പ്രദേശം ഭീതിയിലായതോടെ വനംവകുപ്പ് സംഘം അക്രമകാരികളായ നായ്ക്കളെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രാദേശികവാസികള്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.