തെരുവ് നായ ആക്രമണം: മനുഷ്യജീവന്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണം

 
dog

 കൊച്ചി: കേരളത്തില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികളായ മനുഷ്യര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് പറഞ്ഞു.

 സ്വന്തം വീടിന്റെ മുറ്റത്തും, സ്‌കൂളിലേക്കുള്ള വഴിയിലും, പൊതുസ്ഥലങ്ങളിലും പോലും കുട്ടികള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 മനുഷ്യജീവന്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കണം. തെരുവ് നായ ആക്രമണങ്ങളില്‍ നിന്ന് കുട്ടികളെയും പൊതുജനങ്ങളെയും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും, മനുഷ്യജീവന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുതന്നെ മൃഗക്ഷേമവും സംരക്ഷിക്കപ്പെടുന്ന സമതുലിതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സാബു ജോസ് വ്യക്തമാക്കി.

 നിരവധി വര്‍ഷങ്ങളായി ഈ സാമൂഹിക പ്രശ്‌നം മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ശക്തമായി ഉന്നയിച്ചിട്ടും, മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ശാശ്വത പരിഹാരം നടപ്പാക്കാന്‍ കഴിയാത്തതിന്റെ കാരണം ജനങ്ങള്‍ക്ക് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ കാലതാമസവും നയപരമായ അനിശ്ചിതത്വവും എന്തുകൊണ്ടാണ് തുടരുന്നതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മന്ത്രിസഭയില്‍ അടിയന്തര ചര്‍ച്ച നടത്തി ശാസ്ത്രീയവും പ്രായോഗികവുമായ ശാശ്വത പരിഹാരത്തിന് സമയബന്ധിതമായ പ്രവര്‍ത്തനപദ്ധതി പ്രഖ്യാപിക്കണം. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പോലീസ്, പൊതുജനാരോഗ്യ വിദഗ്ധര്‍ എന്നിവരുടെ ഏകോപനത്തോടെ ഫലപ്രദമായ പ്രവര്‍ത്തനപദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 തെരുവ് നായ നിയന്ത്രണം, വന്ധ്യംകരണവും വാക്‌സിനേഷനും കൂടുതല്‍ കാര്യക്ഷമമാക്കുക, അപകടസാധ്യതയുള്ള നായകളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുക, മാലിന്യസംസ്‌കരണം ശക്തിപ്പെടുത്തുക, ജനങ്ങളുടെ പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുക എന്നിവയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ഈ വിഷയത്തില്‍ വര്‍ഷങ്ങളായി ഫലപ്രദമായ പരിഹാരം കാണാത്തതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പലവിധ ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നുണ്ടെന്നും, അവയ്ക്ക് വ്യക്തമായ മറുപടി നല്‍കുകയും എല്ലാ നടപടികളും പൂര്‍ണ സുതാര്യതയോടെ നടപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വേഗത്തിലും ഫലപ്രദമായും ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 'ഒരു കുട്ടിയുടെ ജീവന്‍ പോലും നഷ്ടപ്പെടുന്നത് ഒരു സമൂഹത്തിന്റെ പരാജയമാണ്. ഓരോ കുട്ടിയുടെയും ജീവന്‍ അമൂല്യമാണ്. മനുഷ്യജീവന്റെ സുരക്ഷ ഉറപ്പാക്കുന്നതാണ് ഏത് സര്‍ക്കാരിന്റെയും ഏറ്റവും വലിയ കടമ. കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷിതമായ കേരളം ഉറപ്പാക്കാന്‍ രാഷ്ട്രീയത്തിനും വാദപ്രതിവാദങ്ങള്‍ക്കും അതീതമായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം,' എന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 സാബു ജോസ് 
ചെയര്‍മാന്‍
പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ്
 9446329343

Tags

Share this story

From Around the Web