തിരുവനന്തപുരത്ത് വിചിത്ര മോഷണം, സ്വര്‍ണമോ പണമോ അല്ല, അടുക്കളയിലെ അവശ്യസാധനങ്ങളാണ് ഇവിടുത്തെ കള്ളന്റെ ലക്ഷ്യം
തിരുവനന്തപുരം: സ്വര്‍ണമോ പണമോ അല്ല, അടുക്കളയിലെ അവശ്യസാധനങ്ങളാണ് ഇവിടുത്തെ കള്ളന്റെ ലക്ഷ്യം. തിരുവനന്തപുരം പിഎംജിയിലെ പി.ഡബ്ല്യൂ.ഡി കാന്റീനില്‍ പതിവായി എണ്ണയും പലവ്യഞ്ജനങ്ങളും മോഷ്ടിക്കുന്ന കള്ളനെ പിടികൂടാനാവാതെ വലയുകയാണ് പൊലീസ്.
കഴിഞ്ഞ രണ്ടുമാസമായി കാന്റീനില്‍ സ്ഥിരമായി മോഷണം നടക്കുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ശനിയാഴ്ചകളില്‍ കയറുന്ന കള്ളന്‍ എണ്ണ, മസാലക്കൂട്ടുകള്‍, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങളാണ് പ്രധാനമായും കൊണ്ടുപോകുന്നത്.
ആഴ്ചതോറും ഏകദേശം നാലായിരം രൂപയുടെ സാധനങ്ങളാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നത്. ഞായറാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ ജോലിക്കാര്‍ എത്തുമ്പോഴാണ് മോഷണവിവരം പുറത്തറിയാറുള്ളത്.
കെട്ടിടത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന താക്കോലെടുത്താണ് ഇയാള്‍ അകത്തുകയറുന്നത്. ഹെല്‍മെറ്റ് ധരിച്ചെത്തുന്ന കള്ളന്‍ സിസിടിവി ക്യാമറയുടെ ദിശതിരിച്ചു വെച്ചാണ് കൃത്യം നടത്തുന്നത്.
മോഷണത്തിന് ശേഷം ക്യാമറ തിരിച്ച് പഴയ പടിയാക്കി മടങ്ങുന്നതും പതിവാണ്. ഒരിക്കല്‍ കള്ളന്‍ അകത്തുകയറിയപ്പോള്‍ കാന്റീന്‍ ഉടമയെത്തി പുറത്തുനിന്ന് വാതില്‍ പൂട്ടിയിട്ടെങ്കിലും, ഉള്ളിലെ വനിതാ വിശ്രമമുറിയുടെ ജനല്‍ തകര്‍ത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
മോഷണത്തിനിടയില്‍ വീഴുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.