ആക്രമണങ്ങള്‍ അവസാനിപ്പിക്കുക. സമാധാനം സ്ഥാപിക്കുക: ആഹ്വാനവുമായി ഏഷ്യന്‍ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്റെ കേന്ദ്ര കമ്മറ്റി

 
ASIAN METHRAN SAMITHY


ബാങ്കോക്ക്: മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം വളര്‍ത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ആഹ്വാനവുമായി ഏഷ്യന്‍ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്റെ കേന്ദ്ര കമ്മറ്റി. 

ലോകമാസകലമുള്ള ജനങ്ങളെ ബാധിക്കുന്ന കടുത്ത മാനവിക, സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന മദ്ധ്യപൂര്‍വ്വദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനും ഉടന്‍ വെടിനിറുത്തല്‍ പ്രഖ്യാപിക്കാനും സമിതി ആവശ്യപ്പെട്ടു. 

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ ചേര്‍ന്ന സമ്മേളനത്തിനിടെ മാര്‍ച്ച് 3-നാണ് തങ്ങളുടെ അഭ്യര്‍ത്ഥന കത്തോലിക്ക സഭാനേതൃത്വം മുന്നോട്ടുവച്ചത്.

കത്തോലിക്കാസഭ ആചരിക്കുന്ന നോമ്പുകാലത്തിന്റെ കൂടി പശ്ചാത്തലത്തില്‍, സമാധാനത്തിനും, ഐക്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്തു. 

മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ വളര്‍ന്നുവരുന്ന അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും കടുത്ത വേദനയും ആശങ്കയും പ്രകടിപ്പിച്ച സമിതി പ്രദേശത്ത് അടുത്തിടെ ഉണ്ടായ ബോംബാക്രമങ്ങളും അവയ്ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളും ദുരിതങ്ങളും പ്രത്യേകം പരാമര്‍ശിച്ചു. 

നാശവും വേദനയും മരണവും വിതയ്ക്കുന്ന ഭീഷണികളിലൂടെയും ആയുധങ്ങളിലൂടെയുമല്ല സമാധാനം സ്ഥാപിക്കാന്‍ സാധിക്കുകയെന്ന പാപ്പയുടെ വാക്കുകള്‍ സഭാനേതൃത്വം അനുസ്മരിച്ചു.

ഭയം കൊണ്ട് സ്ഥിരതയോ, അക്രമം കൊണ്ട് നീതിയോ ഉണ്ടാകില്ലെന്ന് ഓര്‍മ്മിപ്പിച്ച സഭാനേതൃത്വങ്ങള്‍, നീണ്ടുനില്‍ക്കുന്നതും നീതിപൂര്‍ണ്ണവുമായ സമാധാനത്തിലേക്ക് നയിക്കാന്‍ സത്യസന്ധവും ഉത്തരവാദിത്വപൂര്‍ണ്ണവും തുടര്‍ച്ചയുള്ളതുമായ സംവാദങ്ങള്‍ക്കേ സാധിക്കൂ എന്ന് പ്രസ്താവിച്ചു. 

യുദ്ധത്തിന്റെ അഭാവം മാത്രമല്ല സമാധാനമെന്നും മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു. ശത്രുതാമനോഭാവവും നടപടികളും അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളെയും ആഹ്വാനം ചെയ്ത മെത്രാന്‍സമിതികള്‍, ധാര്‍മ്മികമായ ഉത്തരവാദിത്വബോധത്തോടെ പെരുമാറാനും കൂടുതല്‍ പ്രതിസന്ധികളിലേക്കും നാശത്തിലേക്കും നയിക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു.

Tags

Share this story

From Around the Web