പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം: സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ കൗണ്‍സില്‍
പശ്ചിമ ബംഗാളില്‍ ക്രൈസ്തവ സമൂഹത്തിനും ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗീയ ക്രിസ്തീയ പരിഷത്ത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കും അവരുടെ പ്രാര്‍ഥനാ യോഗങ്ങള്‍ക്കും നേരെ 26-ഓളം ആക്രമണങ്ങള്‍ ഉണ്ടായതായി സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മതപരിവര്‍ത്തനം ആരോപിച്ചുകൊണ്ട് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ വ്യാജ പ്രചരണങ്ങളും ശാരീരിക അതിക്രമങ്ങളും ഭീഷണികളും നടത്തുന്നത് പതിവായിരിക്കുകയാണ്. ഇത് വെറുമൊരു കെട്ടിടത്തിന് നേരെയുള്ള ആക്രമണമല്ലെന്നും, സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ വിശ്വാസികളില്‍ വലിയ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ടെന്നും സംഘടനയുടെ സ്ഥാപക സെക്രട്ടറിയായ ഹെറോഡ് മല്ലിക് ചൂണ്ടിക്കാട്ടി.
അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍ 11 പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും കൃത്യമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഭയം മൂലം പലരും പരാതി നല്‍കാന്‍ മടിക്കുന്നതിനാല്‍ യഥാര്‍ഥ ആക്രമണങ്ങളുടെ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ അറിയിച്ചു.