കവര്‍ച്ച ചെയ്ത സ്വര്‍ണവും 'മോഷ്ടിച്ചു'; ചാല കവര്‍ച്ചയില്‍ കൂട്ടാളികളെ പറ്റിച്ച് പ്രതി വിനോദ്; നാലേകാല്‍ പവന്‍ ഒളിപ്പിച്ചു
തിരുവനന്തപുരം: ചാലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ സംഘത്തിനുള്ളിലും ചതി. കവര്‍ച്ച സംഘത്തിലെ മറ്റുള്ളവര്‍ അറിയാതെയാണ് പ്രതി വിനോദ് സ്വര്‍ണം ഒളിപ്പിച്ചത്. വിനോദിന്റെ വീടിന് സമീപത്ത് ഒളിപ്പിച്ച സ്വര്‍ണം പൊലീസ് കണ്ടെത്തിയിരുന്നു.
വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാരന്റെ ബിസിനസ് തകര്‍ക്കാന്‍ വേണ്ടിയിട്ടാണ് ആറ് പേരടങ്ങുന്ന സംഘം കവര്‍ച്ചയ്ക്ക് പ്ലാന്‍ ചെയ്തത്. ഒരുമിച്ച് ഒറ്റക്കെട്ടായി നില്‍ക്കുമെന്നായിരുന്നു ആറ് പേരുടെയും വിശ്വാസം. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ മുന്നോട്ട് പോയതും. എന്നാല്‍ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ വിനോദ് തയ്യാറായില്ല.
കവര്‍ച്ചയ്ക്ക് പോകുമ്പോള്‍ അവര്‍ കരുതിയിരുന്നത് തങ്ങള്‍ മോഷ്ടിക്കുന്ന സ്വര്‍ണത്തില്‍ പകുതിയും കണക്കില്‍പ്പെടാത്തതായിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെ എത്ര സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് പറയാന്‍ ഉടമ തയ്യാറാകില്ല. അതിനാല്‍ പിടിക്കപ്പെടുന്ന സമയത്ത് ഇത്ര സ്വര്‍ണം മാത്രമേ തങ്ങളുടെ പക്കലുള്ളൂ എന്ന് പറയാന്‍ അവര്‍ തീരുമാനിച്ചു. 450 ഗ്രാം സ്വര്‍ണം പിടിച്ചെടുത്താല്‍ തങ്ങളുടെ പക്കല്‍ ഇത്ര സ്വര്‍ണം മാത്രമേയുള്ളൂ, ഇത്ര മാത്രമേ കവര്‍ന്നിട്ടുള്ളൂ എന്ന് പൊലീസിനോട് പറയും. ഇങ്ങനയൊരു തീരുമാനത്തിലെത്തിയ ശേഷമാണ് ആറ് പേരും കവര്‍ച്ച നടത്തിയത്.
എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൂടുതല്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ടെന്ന് പ്രതികള്‍ക്ക് സമ്മതിക്കേണ്ടി വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വെള്ളായണിയില്‍ നിന്ന് 146 പവന്‍ സ്വര്‍ണം പിടിച്ചെടുത്തത്. ഇതോടെ മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തു എന്നാണ് മറ്റുള്ളവര്‍ വിചാരിച്ചത്. എന്നാല്‍ പ്രതികളിലൊരാളായ വിനോദിനെ വിശദമായി ചോദ്യം ചെയ്തതോടെ താന്‍ കുറച്ചു സ്വര്‍ണം എടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. ഇത് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും പുതിയ അറിവായിരുന്നു. മാത്രമല്ല, കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത ജ്വല്ലറി ഉടമകളായ ജയറാമിനും അമലിനും ഇക്കാര്യം അറിവുണ്ടായിരുന്നില്ല. അതിനേക്കാളേറെ ഒപ്പം പോയിരുന്ന അനിലും അനൂപും വിനോദ് സ്വര്‍ണം എടുത്തിരുന്നത് അറിഞ്ഞിരുന്നില്ല.
നാലേകാല്‍ പവന്‍ സ്വര്‍ണമാണ് വിനോദ് എടുത്തിരുന്നത്. ഇത് അയാള്‍ സ്വന്തം വീടിനടുത്തുള്ള പ്രദേശത്ത് കുഴിച്ചിട്ടു. ഇന്നലെ പൊലീസ് വിനോദുമായി എത്തി ഈ സ്വര്‍ണം വീണ്ടെടുത്തിട്ടുണ്ട്.