ആഡംബര ഹോട്ടലുകളില്‍ താമസം. ബില്ലടയ്ക്കാതെ മുങ്ങല്‍. മുന്നൂറോളം ഹോട്ടലുകളെ പറ്റിച്ച പ്രതി പിടിയില്‍

 
arrest


ആഡംബര ഹോട്ടലുകളില്‍ മാന്യനായി എത്തി പണം നല്‍കാതെ മുങ്ങുന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ ബിങ്‌സണ്‍ ജോര്‍ജ് എന്നയാളാണ് ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ച് പൊലീസിന്റെ വലയിലായത്.


 റായ്പൂരിലെ ഹയാത്ത് ഹോട്ടലില്‍ രണ്ട് ദിവസം താമസിച്ച് 63,755 രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങുകയും, കൂടാതെ 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പ് മോഷ്ടിക്കുകയും ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്. 


ഈ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇയാളുടെ വര്‍ഷങ്ങള്‍ നീണ്ട തട്ടിപ്പ് കഥകള്‍ പുറത്തുകൊണ്ടുവന്നത്.

1990 മുതല്‍ ഇതേ രീതിയില്‍ ഇന്ത്യയിലെ മുന്നൂറോളം ആഡംബര ഹോട്ടലുകളെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

വിദേശ ടൂര്‍ ഗൈഡ്, ഇംഗ്ലീഷ് അധ്യാപകന്‍, യോഗ ട്രെയിനര്‍ തുടങ്ങി ഓരോ ഹോട്ടലിലും ഓരോ വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ എത്തിയിരുന്നത്.

 ഹോട്ടലുകളില്‍ മാന്യനായി പ്രത്യക്ഷപ്പെടുന്നതിനാല്‍ പലയിടത്തും മുന്‍കൂറായി പണം നല്‍കാതെ തന്നെ ഇയാള്‍ക്ക് താമസസൗകര്യം ലഭിച്ചിരുന്നു. 

ദിവസങ്ങളോളം താമസിച്ച് ഹോട്ടലിലെ സേവനങ്ങള്‍ ആവോളം ആസ്വദിച്ച ശേഷം വിലപിടിപ്പുള്ള വസ്തുക്കളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു പതിവ്.

ചാള്‍സ് ശോഭരാജിന്റെ തന്ത്രങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ഇത്തരം തട്ടിപ്പുകള്‍ തുടങ്ങിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 

മുന്‍പ് ടൂര്‍ ഗൈഡായി ജോലി ചെയ്തിരുന്ന സമയത്ത് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിച്ചതിലുള്ള പ്രതികാരമായാണ് ഈ ജീവിതരീതി തെരഞ്ഞെടുത്തതെന്നും ഇയാള്‍ അവകാശപ്പെടുന്നു. 

നിലവില്‍ റായ്പൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags

Share this story

From Around the Web