​ക്രിസ്തീയ വിശ്വാസത്തിലും സേവനത്തിലും അടിയുറച്ചു മുന്നേറുക: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങളോട് മാർപാപ്പ

 
Marpapa

ക്രിസ്തീയ വിശ്വാസത്തിലും സേവന പാതയിലും അടിയുറച്ചു മുന്നേറാൻ കത്തോലിക്കാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ. ഇറ്റാലിയൻ കാത്തലിക് ഗൈഡ്സ് ആൻഡ് സ്കൗട്ട്സ് ഓഫ് യൂറോപ്പ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വത്തിക്കാനിൽ ഒത്തുകൂടിയ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

​ജീവിതത്തിൽ ശരിയായ ദിശ കണ്ടെത്താൻ സുവിശേഷത്തെ തങ്ങളുടെ പ്രധാന വഴികാട്ടി ആക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. പ്രകൃതിയെ ഒരു പുസ്തകമായി കണ്ട് അതിൽ ദൈവത്തിന്റെ കയ്യൊപ്പ് ദർശിക്കാനും, അതോടൊപ്പം ദൈവവചനത്തെ ദൈനംദിന ജീവിതത്തിന്റെ യഥാർഥ ഭൂപടമാക്കി മാറ്റാനും പാപ്പ സ്കൗട്ടുകളോട് ആവശ്യപ്പെട്ടു.


​സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ലോർഡ് ബാഡൻ പവലിന്റെ ദർശനങ്ങളെ അനുസ്മരിച്ച മാർപാപ്പ, മറ്റുള്ളവർക്കായി സ്വാർഥതയില്ലാതെ സേവനം ചെയ്യുമ്പോഴാണ് ജീവിതം ധന്യമാകുന്നതെന്ന് വ്യക്തമാക്കി. യുവതലമുറയെ ക്രിസ്തുവഴിയിൽ നയിക്കുന്നതിൽ സ്കൗട്ട് ലീഡർമാരും വൈദികരും വഹിക്കുന്ന പങ്കിനെ പാപ്പ അഭിനന്ദിച്ചു. ഭിന്നതകളും വെല്ലുവിളികളും നിറഞ്ഞ ഇന്നത്തെ ലോകത്ത് കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ഭാഷ പ്രചരിപ്പിക്കാൻ സ്കൗട്ടുകൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചാണ് മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web