സൃഷ്ടിയുടെ മനോഹര ശബ്ദം ശ്രവിക്കാന്‍ ദൈനംദിന തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കുക: ലെയോ പാപ്പ

 
leo papa


ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറിനിന്ന് ദൈവം സംസാരിക്കുന്ന 'സൃഷ്ടിയുടെ മനോഹര ശബ്ദത്തിന്' കാതോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. സെപ്റ്റംബര്‍ ഒന്നിന് ആചരിച്ച ആഗോള സൃഷ്ടി സംരക്ഷണ പ്രാര്‍ഥനാ ദിനത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങളെ കുറച്ചുകൊണ്ട് പ്രകൃതിയുടെ സമഗ്രമായ താളം അനുഭവിക്കാന്‍ സമയം കണ്ടെത്തണമെന്ന് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. പ്രകൃതിയെക്കുറിച്ചുള്ള ധ്യാനവും അതിന്റെ ദൈവീകതയും തിരിച്ചറിയുന്നത് യഥാര്‍ഥ പരിസ്ഥിതിപരമായ മാനസാന്തരത്തിലേക്കും ഭൂമിയോടുള്ള ഉത്തരവാദിത്തബോധത്തിലേക്കും മനുഷ്യനെ നയിക്കും. ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ച മാര്‍പാപ്പ, പ്രകൃതി സംരക്ഷണത്തിനായി വ്യക്തിപരവും കൂട്ടായതുമായ പ്രതിജ്ഞാബദ്ധത പുതുക്കാനും ആഹ്വാനം ചെയ്തു.


അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ 'സൗഹാര്‍ദ്ദ കാഴ്ചപ്പാട്' അനുസ്മരിച്ചുകൊണ്ട്, സൃഷ്ടിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ ക്രിസ്തുവിശ്വാസിയുടെയും കടമയാണെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ (Castel Gandolfo) പൊന്തിഫിക്കല്‍ ഉദ്യാനത്തിലെ 'ബോര്‍ഗോ ലൗദാത്തോ സി' സമുച്ചയത്തിലുള്ള മഡോണിന ഗാര്‍ഡനില്‍ വച്ച് നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സൃഷ്ടിയുടെ കാലഘട്ടത്തിനു തുടക്കം കുറിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാല് വരെയാണ് സൃഷ്ടിയുടെ കാലഘട്ടമായി ആചരിക്കുന്നത്.


 

Tags

Share this story

From Around the Web