സംസ്ഥാന സ്‌കൂള്‍ കലോത്സവം; എ ഗ്രേഡ് വിജയികള്‍ക്ക് ഇനി സമ്മാനത്തുക വര്‍ധിപ്പിക്കും. സമ്മാനത്തുക1000 രൂപയില്‍ നിന്നും 1500 രൂപയായി ഉയര്‍ത്തും
കേരളത്തിന്റെ കൗമാര കലോത്സവത്തില്‍ മാറ്റുരച്ച് എ ഗ്രേഡ് സ്വന്തമാക്കുന്ന പ്രതിഭകള്‍ക്ക് സന്തോഷവാര്‍ത്ത.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്ന കുട്ടികള്‍ക്കുള്ള സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് തുക വിദ്യാഭ്യാസ വകുപ്പ് വര്‍ധിപ്പിച്ചു.
വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സമ്മാനത്തുകയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. സമ്മാനത്തുക1000 രൂപയില്‍ നിന്നും 1500 രൂപയായി ഉയര്‍ത്തുകയും ഈ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുകയും ചെയ്യും.
ഓരോ വര്‍ഷവും ശരാശരി 12,000 കുട്ടികള്‍ക്കാണ് എ ഗ്രേഡ് ലഭിക്കുന്നത്.
2006-ല്‍ എറണാകുളത്ത് നടന്ന കലോത്സവം മുതലാണ് ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നത്. കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ നിര്‍ത്തലാക്കിയതോടെയാണ് എ ഗ്രേഡ് നേടുന്നവര്‍ക്ക് പ്രോത്സാഹനമായി സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് നല്‍കിത്തുടങ്ങിയത്.
ആദ്യ വര്‍ഷങ്ങളില്‍ 4000-ത്തോളം കുട്ടികളാണ് ഇതിന് അര്‍ഹരായിരുന്നതെങ്കില്‍, ഇന്ന് കലോത്സവ ഇനങ്ങളും പങ്കാളിത്തവും വര്‍ധിച്ചതോടെ അര്‍ഹരായവരുടെ എണ്ണം 12,000 കടന്നിരിക്കുകയാണ്. ഇത്തവണ 15,000-ത്തോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പിഴവുകള്‍ ഒഴിവാക്കാന്‍ ഇത്തവണ കൃത്യമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് ഓരോ ജില്ലയിലെയും ടീം മാനേജര്‍മാരില്‍ നിന്ന് എ ഗ്രേഡ് ജേതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും. വിദ്യാഭ്യാസ വകുപ്പ് ഈ വിവരങ്ങള്‍ അതത് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് കൈമാറും. ഡിഡി ഓഫീസുകള്‍ വഴി തുക കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.
കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ 2000 കുട്ടികള്‍ക്ക് ഇനിയും സമ്മാനത്തുക ലഭിക്കാനുണ്ട്. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലമാണ് ഇത് വൈകിയത്. എന്നാല്‍ ആശങ്ക വേണ്ടെന്നും, ഇത്തവണത്തെ കലോത്സവം പൂര്‍ത്തിയാകുന്നതോടെ കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശിക കൂടി വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.