സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

 
cricket

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നിർദ്ദേശം നൽകി.

 കെ.സി.എ യുടെ കീഴിൽ ക്രിക്കറ്റ് പഠിക്കാൻ വരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

 പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണം. ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം.

പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ താല്പര്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണം. അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സ്ഥലങ്ങളിൽ സി.സി.റ്റി.വി കാമറകൾ സ്ഥാപിക്കണം. 

രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികൾ കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണം. പരിശീലകർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ പൊലീസിന് കൈമാറണം.

ആരോപണ വിധേയനായ പരിശീലകൻ പോക്സോ കേസിൽ വിചാരണ നേരിടുന്നയാളായതിനാൽ മറ്റ് അസോസിയേഷനുകളുമായി സഹകരിക്കരുതെന്ന കെ.സി.എ യുടെ നിർദ്ദേശം ജില്ലാ അസോസിയേഷനുകൾ നടപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 

Tags

Share this story

From Around the Web