കൊല്‍ക്കത്തയില്‍ തുടക്കം. ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമാനുമതി

കൊല്‍ക്കത്ത:ലയണല്‍ മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമാനുമതി ലഭിച്ചതായി വിവരം. ഡിസംബര്‍ 12ന് കൊല്‍ക്കത്തയില്‍ മെസിയുടെ ഇന്ത്യാപര്യടനത്തിന് തുടക്കം കുറിക്കും.
'ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025' എന്നാണ് മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്. കൊല്‍ക്കത്ത സന്ദര്‍ശനത്തിന് പിന്നാലെ അഹമ്മദാബാദ് ,മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മെസിയെത്തുമെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു.
ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച്ചയുണ്ടാവുമെന്നും വിവരമുണ്ട്. ഡിസംബര്‍ 12ന് കൊല്‍ക്കത്തയില്‍ വിമാനമിറങ്ങുന്ന മെസി രണ്ടു പകലും ഒരു രാത്രിയും കൊല്‍ക്കത്തയില്‍ ചെലവഴിക്കും.
ഡിസംബര്‍ 13ന് രാവിലെ ഹോട്ടലില്‍ മെസിക്കായി നടക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ അര്‍ജന്റീനിയന്‍ ചായയും ഇന്ത്യന്‍ അസം ചായയും സംയോജിപ്പിച്ചുള്ള ഒരു ഫ്യൂഷന്‍ വിരുന്നൊരുക്കുമെന്നും ദത്ത പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍സിലോ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലോ വെച്ച് മെസ്സിയുടെ പ്രതിമ അനാച്ഛാദനവും നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫിഫ സൗഹൃദ മത്സരം കളിക്കാനായി 2011ല്‍ മെസി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. അതേസമയം മെസിയുടെയും കൂട്ടരുടെയും സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പിടിഐ റിപോര്‍ട്ട് ചെയ്യുന്നത്.