സ്റ്റേഡിയം വാടക തര്‍ക്കം; ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ച് ടിക്കറ്റ് വില്‍പ്പന വൈകുന്നു, മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഇതുവരെ വില്‍പ്പനയ്ക്കെത്തിയിട്ടില്ല
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ ഹോം മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന വൈകുന്നു. ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഇതുവരെ വില്‍പ്പനയ്ക്കെത്തിയിട്ടില്ല. സ്റ്റേഡിയം വാടക സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സും ജി.സി.ഡി.എയും തമ്മില്‍ ധാരണയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ആഴ്ച തന്നെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. മത്സരം അടുത്തെത്തിയിട്ടും ടിക്കറ്റുകള്‍ ലഭ്യമാകാത്തത് ആരാധകര്‍ക്കിടയില്‍ ആശങ്കയും നിരാശയും സൃഷ്ടിച്ചിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ വാടക സംബന്ധിച്ചുള്ള തര്‍ക്കമാണ് ബ്ലാസ്റ്റേഴ്‌സും ജി.സി.ഡി.എയും തമ്മിലുള്ള ചര്‍ച്ചകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ സീസണിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിന്റെ വാടക ഏകദേശം 8.40 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് ഒരു മത്സരത്തിനായി മൂന്നര ലക്ഷം രൂപയായി കുറച്ചിരുന്നു. ചെയര്‍മാന്‍ ഉള്‍പ്പെട്ട കമ്മിറ്റിയായിരുന്നു അന്ന് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍, പിന്നീട് നടന്ന മത്സരങ്ങളുടെ സമയത്തും സമാനമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തവണയും മുന്‍പ് അനുവദിച്ചതിന് സമാനമായ ഇളവ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നതായാണ് സൂചന. ഇത്തവണ പത്ത് ലക്ഷം രൂപ വരെ വാടകയായി ജി.സി.ഡി.എ പ്രതീക്ഷിക്കുന്നതായാണ് വിവരം. വാടകയില്‍ ഇളവ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആവശ്യമായതിനാല്‍ അന്തിമ തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ജി.സി.ഡി.എയില്‍ നിലവില്‍ ചെയര്‍മാന്‍ ഇല്ലാത്തതും തീരുമാനമെടുക്കുന്നതിന് തടസ്സമാകുന്നുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിനെത്തുടര്‍ന്ന് കെ. ചന്ദ്രന്‍പിള്ള രാജിവച്ചതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവില്ലാതെ വാടകയില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ നിലപാട്. ചെയര്‍മാനില്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ പരിമിതികളുണ്ടെന്നും വ്യക്തമാക്കുന്നു. അതേസമയം, വാടകയില്‍ ഇളവ് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ജി.സി.ഡി.എയുടെ വിശദീകരണം.