പുന്നവേലി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ സംഗീതപ്രമുഖര്‍ക്ക് ആദരവ് നല്‍കുന്ന സായാഹ്ന സംഗമം, 'യാഹെന്‍ സംഗീതം' ഗാനസന്ധ്യക്ക് നേതൃത്വം നല്‍കുന്നത് ഇടവക ഗായകസംഘം

 
a


കറുകച്ചാല്‍ : പുന്നവേലി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ വെച്ച് 'യാഹെന്‍ സംഗീതം' എന്ന പേരില്‍ ഒരു സംഗീത സായാഹ്നം നാളെ ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ നടത്തപ്പെടും. 

ജീവിതം ദൈവസ്തുതികള്‍ക്കായി സമര്‍പ്പിച്ച ക്രൈസ്തവ സംഗീത ലോകത്തെ പ്രമുഖര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനായി ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു ഗാനസന്ധ്യയ്ക്കാണ് പുന്നവേലി സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഗായകസംഘം വേദിയൊരുക്കുന്നത്. 'യാഹെന്‍ സംഗീതം'  സംഗീത സംഗമം കരുതലിന്റെയും കടപ്പാടിന്റെയും പ്രതിധ്വനിയാണ്.  

ആശയസമ്പുഷ്ടമായ വരികളിലൂടെയും അമരമായ ഈണങ്ങളിലൂടെയും തലമുറകളെ സ്വാധീനിച്ച പി. ഡി. ജോണ്‍, നൈനാന്‍ കെ. പുന്നവേലി എന്നിവരെ ആദരിക്കുന്നതോടൊപ്പം അവരുടെ അവിസ്മരണീയമായ ഗാനങ്ങളും, ഹൃദയം തൊടുന്ന ജീവിതാനുഭവങ്ങളും ഉള്‍കൊള്ളിച്ചാണ് ഈ സംഗീത സായാഹ്നം ക്രമീകരിക്കുന്നത്. 

ആധുനിക കാലഘട്ടത്തിന് വഴിവിളക്കായി മാറിയ ആത്മീയ ഗാന ശാഖയ്ക്ക് അടിത്തറ പാകിയ പി. ഡി. ജോണിന്റെയും, ആഴമേറിയ വിശ്വാസവും സമര്‍പ്പണവും ഉള്ള സംഗീതം കൊണ്ട് നാടിനും ഇടവകയ്ക്കും അഭിമാനമായനൈനാന്‍ കെ. പുന്നവേലിയുടെയും സംഗീത സപര്യയ്ക്കുള്ള സമര്‍പ്പണമാണ്  'യാഹെന്‍ സംഗീതം'. 

b

സായാഹ്ന സംഗമത്തില്‍ ഇരുവരും അനുഭവങ്ങള്‍ പങ്കിടുന്നതും ഗാനരചനകളുടെ പശ്ചാത്തലം വിവരിക്കുന്നതുമാണ്. പ്രശസ്ത സംഗീതജ്ഞനും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വൈദികനുമായ റവ. ഫാ. സേവേറിയോസ് തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ റവ. ഉമ്മന്‍ കെ. ജേക്കബ് സന്ദേശം നല്‍കും. 

റവ. ഫാ. സേവേറിയോസ് തോമസ്, റവ. ഉമ്മന്‍ കെ. ജേക്കബ് എന്നിവരെ കൂടാതെ ഇടവക ഗായകസംഘവും, മല്ലപ്പള്ളി മേഖല ക്ലെറോസ് ഗായക സംഘവും ഗാനങ്ങള്‍ ആലപിക്കും. സ്മരണികയുടെ പ്രകാശനം ഡി. എസ്. എം. & സി. മുന്‍ ഡയറക്ടര്‍ റവ. ജോണ്‍ മത്തായി നിര്‍വഹിക്കും.

 ഇടവക അംഗങ്ങളായ റവ. തോമസ് മാത്യു, റവ.  നിതിന്‍ പി. ഷിബു എന്നിവരും മല്ലപ്പള്ളി സെന്ററിലും പുന്നവേലി എക്യുമെനിക്കല്‍ കൂട്ടായ്മയിലും ഉള്‍പ്പെട്ട വൈദികരും സംബന്ധിക്കും. 

ഈ സംഗീത സായാഹ്നത്തിന്റെ ഭാഗമായി മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഗായക സംഘം നേതൃത്വം നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് റവ. സുനില്‍ ജോര്‍ജ് മാത്യു, സെക്രട്ടറി മാത്യു ജോര്‍ജ്, ട്രഷറര്‍ അനു എ. സാമുവേല്‍, കണ്‍വീനര്‍ ജോബി ജോയി മാത്യു എന്നിവര്‍ അറിയിച്ചു. 

റവ. സുനില്‍ ജോര്‍ജ് മാത്യു (പ്രസിഡന്റ്), നൈനാന്‍ കെ. പുന്നവേലി (ക്വയര്‍ മാസ്റ്റര്‍), എലിസബേത്ത് ചെറിയാന്‍ (വൈസ് പ്രസിഡന്റ്), മാത്യു ജോര്‍ജ് (സെക്രട്ടറി), ജോബി ജോയി മാത്യു (പ്രോഗ്രാം കണ്‍വീനര്‍), രേഷ്മ ജോണ്‍ (ജോയിന്റ് ലീഡര്‍), അനു എ. സാമുവേല്‍ (ട്രഷറര്‍), സോജ സജി (കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി), ലെനി വി. പോള്‍ (കണ്‍വീനര്‍, റിസപ്ഷന്‍ കമ്മിറ്റി), ഷിബു വി. മാത്യു (കണ്‍വീനര്‍, ലോജിസ്റ്റിക് കമ്മിറ്റി) എന്നിവരടങ്ങിയ സംഘാടക സമിതി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
 

Tags

Share this story

From Around the Web