വിശുദ്ധ തോമാശ്ലീഹ അര്‍പ്പണ ബോധത്തിന്റെ പ്രതീകം: മുഖ്യമന്ത്രി വി.ഡി സതീശന്‍
തിരുവനന്തപുരം: വിശുദ്ധ തോമാശ്ലീഹ അര്‍പ്പണ ബോധത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ലൂര്‍ ദ് ഫൊറോന എപിജെഎം ഹാളില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുക്‌റാന സ്‌നേഹ സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ ശിഷ്യന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ശിഷ്യനാണ് തോമാശ്ലീഹ. വിശ്വസിക്കുന്ന കാര്യത്തിനു വേണ്ടി ഉറച്ചു നില്‍ക്കുകയും അത് ലോകമെങ്ങും എത്തിക്കുന്നതിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു.
എത്രയോ ദുര്‍ഘടമായ ഘട്ടങ്ങളിലൂടെ ഇതിനായി സഞ്ചരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന അദ്ദേഹത്തെ സയന്റിസ്റ്റുകളുടെ മധ്യസ്ഥനായും കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായുള്ള തന്റെ നിയോഗം ദൈവനിയോഗമായി കാണുന്നു.
സാധാരണക്കാരെ, കഷ്ടപ്പെടുന്നവരെ ചേര്‍ത്തു പിടിക്കുന്നതിനുള്ള ദൈവ നിയോഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശുദ്ധ തോമാശ്ലീഹ ഭാരതത്തിനു പകര്‍ന്നു നല്‍കിയത് നന്മയുടെ സന്ദേശമായിരുന്നുവെന്നു തുടര്‍ന്നു പ്രസംഗിച്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ സണ്ണി ജോസഫ്, അനൂപ് ജേക്കബ്, റോജി എം. ജോണ്‍, കെ. മുര ളീധരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍, മലങ്കര കത്തോലിക്കാസഭ കൂരിയ ബിഷപ്പ് ഡോ. ആന്റണി മാര്‍ സില്‍വാനോസ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ അലക്സിയോസ്, മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്‌കോപ്പ, മാര്‍ത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ, റവ. റോബിന്‍സണ്‍ ഡേവിഡ്, റവ. മാത്യൂസ് മാര്‍ സില്‍വാനോസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ പങ്കെടുത്തു.