സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഉദ്ഘാടനം ചെയ്തു
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഔദ്യോഗികമായി പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വെറും ക്രിസ്മസ് അലങ്കാരങ്ങളല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാര്‍വത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണവുമാണെന്ന് സിസ്റ്റര്‍ പെട്രിനി പറഞ്ഞു.
പുല്‍ക്കൂടും ട്രീയും സംഭാവന ചെയ്ത രൂപതകളില്‍ നിന്നുള്ള ആത്മീയ സിവില്‍ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
വത്തിക്കാന്‍ ജെന്‍ഡര്‍മേരിയുടെ ബാന്‍ഡും രൂപതകളില്‍ നിന്നുള്ള വ്യത്യസ്ത ഗായകസംഘങ്ങളും ബാന്‍ഡുകളും പരമ്പരാഗത ക്രിസ്മസ് ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു.
2026 ജനുവരി 11 ഞായറാഴ്ച ആചരിക്കുന്ന കര്‍ത്താവിന്റെ ജ്ഞാനസ്‌നാന തിരുനാള്‍വരെ പുല്‍ക്കൂടും ട്രീയും ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കും. തെക്കന്‍ ഇറ്റലിയിലെ നോസെറ ഇന്‍ഫെരിയോര്‍-സാര്‍ണോ രൂപതയാണ് പുല്‍ക്കൂട് നിര്‍മിച്ചത്. ബിഷപ് ഗ്യൂസെപ്പെ ഗ്യൂഡിസ് രൂപതയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.
വടക്കന്‍ ഇറ്റലിയിലെ ബോള്‍സാനോ-ബ്രെസ്സാനോണ്‍ രൂപതയില്‍ നിന്നാണ് ക്രിസ്മസ് ട്രീ സംഭാവന ചെയ്തത്. രൂപത ബിഷപ് ഇവോ മ്യൂസറും സന്നിഹിതനായിരുന്നു.