കാനഡയിലെ മോൺട്രിയലിൽ പൈതൃക സ്മാരകമായി സംരക്ഷിച്ചിരുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള സെന്റ് പോൾസ് പള്ളി തീപിടുത്തത്തിൽ കത്തിനശിച്ചു

 
church 1

കാനഡയിലെ മോൺട്രിയലിൽ പൈതൃക സ്മാരകമായി സംരക്ഷിച്ചിരുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള സെന്റ് പോൾസ് പള്ളി തീപിടുത്തത്തിൽ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ 1:40-ഓടെയാണ് തീപിടുത്തമുണ്ടായത്.

പള്ളിക്കൊപ്പം സമീപത്തുണ്ടായിരുന്ന പള്ളി മുറിയിലേക്കും തീ പടർന്നുപിടിച്ചു. നിലവിൽ ഈ പള്ളി മുറി  വൃദ്ധസദനമായി പ്രവർത്തിക്കുകയായിരുന്നു. തീപിടുത്തത്തെത്തുടർന്ന് വൃദ്ധസദനത്തിലെ 73 അന്തേവാസികൾ ഉൾപ്പെടെ പ്രദേശത്തെ 148 പേരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല .

റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരുകയാണ് . നൂറിലധികം അഗ്നിശമന സേനാ യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. 1910-11 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ ദൈവാലയം മോൺട്രിയലിന്റെ വാസ്തുവിദ്യാ വിസ്മയങ്ങളിൽ ഒന്നായിരുന്നു.

സിമന്റ് ഉപയോഗിച്ചുള്ള നൂതനമായ നിർമ്മാണ രീതിക്ക് പേരുകേട്ട ആർക്കിടെക്റ്റ് ജോസഫ് ആർതർ  ഗോഡിന് ആണ് ഇത് രൂപകൽപ്പന ചെയ്തത്. കത്തോലിക്കാ സഭയുടെ കീഴിലായിരുന്ന ഈ പള്ളി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉപയോഗത്തിലുണ്ടായിരുന്നില്ലെങ്കിലും പ്രദേശത്തെ റൊമാനിയൻ ഓർത്തഡോക്സ് സമൂഹം ഇത് വാടകയ്‌ക്കെടുത്ത് ഉപയോഗിച്ചിരുന്നു.

പള്ളിയുടെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രധാന ഫുഡ് ബാങ്കും തീപിടുത്തത്തിൽ നശിച്ചു. ഏകദേശം 200-ഓളം കുടുംബങ്ങൾക്ക് എല്ലാ വെള്ളിയാഴ്ചയും ഭക്ഷണം എത്തിച്ചിരുന്ന ഈ കേന്ദ്രത്തിന്റെ നഷ്ടം പ്രദേശവാസികളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ ദൈവാലയം നഷ്ടപ്പെട്ടത് വലിയ ആഘാതമാണെന്ന് മോൺട്രിയൽ മേയർ വെറോണിക് ഫോർണിയർ പറഞ്ഞു.

Tags

Share this story

From Around the Web