കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കുരിശുമലയിലെ കുരിശ് സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു
കോടഞ്ചേരി: സെന്റ് മേരീസ് ഫൊറോന പള്ളി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കുരിശുമലയിലെ കുരിശ് സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. അമ്പതു നോമ്പിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന കുരിശിന്റെ വഴി നടത്തുന്നതിനായി വിശ്വാസികള്‍ മലമുകളില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിന്‍ നീലം പറമ്പില്‍, ഫാ. ജെറാള്‍ഡ് പല്ലാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള വിശ്വാസ സമൂഹം കുരിശുമലയില്‍ എത്തിയപ്പോഴാണ് കുരിശടി തകര്‍ത്ത നിലയില്‍ കണ്ടത്. കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച കുരിശിന്റെ തറയും, കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച കുരിശിന്റെ ചുവടുഭാഗവും പലയിടങ്ങളിലായി അടിച്ചുതകര്‍ത്ത നിലയിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച കുരിശ് നശിപ്പിച്ച സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. കുറ്റക്കാരെ ഉടനടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പള്ളി ട്രസ്റ്റിമാര്‍ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5 മണിക്ക് പള്ളി അങ്കണത്തില്‍ നിന്നും കോടഞ്ചേരി ടൗണിലേക്ക് ഇടവക വിശ്വാസികളുടെ നേതൃത്വത്തില്‍ വിപുലമായ പ്രതിഷേധ റാലി നടക്കും. അതേസമയം സംഭവത്തില്‍ പ്രേതിഷേധമറിയിച്ചു കാതോലിക്ക കോണ്‍ഗ്രസ്സ് താമരശ്ശേരി രൂപത രംഗത്ത് വന്നു