വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്റ് ജോസഫ് മൈനര്‍ സെമിനാരിയുടെ ആശീര്‍വാദവും ഉദ്ഘാടനകര്‍മവും ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു
വെള്ളരിക്കുണ്ട്: തലശ്ശേരി അതിരൂപതയ്ക്കു കീഴില്‍ വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്റ് ജോസഫ് മൈനര്‍ സെമിനാരിയുടെ ആശീര്‍വാദവും ഉദ്ഘാടനകര്‍മവും ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. അതിരൂപതയുടെ ഹൃദയമാണ് മൈനര്‍ സെമിനാരിയെന്നും ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് വൈദികരാകാന്‍ ഈ നിയോഗവുമായി ഇവിടെയെത്തുന്നതെന്നും മാര്‍ താഴത്ത് പറഞ്ഞു.
നല്ല മനുഷ്യരാകുന്നതിലൂടെയും ഈശോയോട് ഏറ്റവും വിശ്വസ്തരാകുന്നതിലൂടെയുമാണ് അവര്‍ക്ക് ഫലപ്രദമായ ജീവിതവിജയം നേടാനാകുന്നത്. അതിരൂപതയ്ക്കും വിശ്വാസികള്‍ക്കും പ്രത്യാശയുടെ വാതായനങ്ങളായി മാറാന്‍ വൈദിക പരിശീലന കേന്ദ്രങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മനോഹരമായ കാലാവസ്ഥയും ആഴമേറിയ വിശ്വാസവുമുള്ള വെള്ളരിക്കുണ്ടിലെ മണ്ണ് മൈനര്‍ സെമിനാരിക്കുവേണ്ടി ദൈവം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തലശേരി ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പുമാര്‍ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന സമൂഹബലിയില്‍ മാര്‍ താഴത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ അലക്‌സ് താരാമംഗലം എന്നിവരും വികാരി ജനറാള്‍മാരും ഫൊറോനാ വികാരിമാരും നൂറോളം വൈദികരും സഹകാര്‍മ്മികരായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ആര്‍ച്ചു ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, തലശേരി അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, ഫൊറോനാ വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അഞ്ജലി എഫ്.എസ്.സി, ഫാ. ഡോ. ജോര്‍ജ് കരോട്ട്, ഫാ. ആന്റണി തെക്കേമുറി, ജോഷ്വാ ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി മുതുക്കുന്നേല്‍ സ്വാഗതവും റെക്ടര്‍ ഫാ. ഡോ. തോമസ് മേല്‍വെട്ടം നന്ദിയും പറഞ്ഞു.
65 വര്‍ഷമായി തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയാണ് ഈ അധ്യയന വര്‍ഷം മുതല്‍ വെള്ളരിക്കുണ്ടിലേക്ക് മാറ്റിയത്.