സംഘര്‍ഷങ്ങള്‍ മൂലം വിദ്യാഭ്യാസമേഖല നിശ്ചലമായ മ്യാന്മറില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട്
വത്തിക്കാന്‍സിറ്റി: ആഭ്യന്തരയുദ്ധം മൂലം കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി വിദ്യാഭ്യാസമേഖല നിശ്ചലമായ മ്യാന്‍മറില്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് ഒരു കാതോലിക്കാസ്ഥാപനം.
രാജ്യത്തെ യാങ്കോണ്‍ അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ് എഡ്യൂക്കേഷണല്‍ സ്‌കൂള്‍ എന്ന സ്വകാര്യസ്ഥാപനമാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഏക വിദ്യാഭ്യാസസ്ഥാപനമെന്ന് ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു..
2021 മുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഏകദേശം അന്‍പത് ലക്ഷം കുട്ടികള്‍ക്ക് രാജ്യത്ത് സാധാരണ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫീദെസ് എഴുതി.
ഇത് രാജ്യത്തെ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് യുവതലമുറകളുടെ ഭാവി നേരിടാന്‍ പോകുന്ന വലിയൊരു ദുരന്തമാണെന്ന് സെന്റ് ജോസഫ് എഡ്യൂക്കേഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് വിന്‍ ഹ്ലെയിംഗ് ഊ പ്രസ്താവിച്ചു.
2015-ല്‍ സ്ഥാപിതമായ ഈ വിദ്യാഭ്യാസസ്ഥാപനത്തെ 2021-ല്‍ യാങ്കോണ്‍ അതിരൂപത കത്തോലിക്കാ സ്ഥാപനമായി അംഗീകരിച്ചിരുന്നു. നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തങ്ങള്‍ക്ക് എഴുനൂറിലധികം പേര്‍ക്ക് ബിരുദ, ഡിപ്ലോമ സെര്‍ട്ടിഫിക്കറ്റുകള്‍ നല്കാനായിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായെന്ന് പ്രസ്താവിച്ച അദ്ദേഹം, രാജ്യത്തെ വിദ്യാഭ്യാസസംവിധാനം നേരിടുന്ന വലിയ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം അഭിമുഖീകരിച്ച് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം തുടര്‍ന്നതിനാലാണ് ഇത് സാധിച്ചതെന്ന് ഓര്‍മ്മിപ്പിച്ചു.
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍, യാങ്കോണ്‍ അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ് നോയല്‍ സോ നൗ ആയെ , കെങ്റ്റുങ് രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോണ്‍ സോ യൗ ഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ഗ്രാമങ്ങളില്‍നിന്ന് ഓടിപ്പോകേണ്ടിവന്നുവെന്നും, ചിലര്‍ സംഘര്‍ഷമേഖലകളില്‍ മരിച്ചിട്ടുണ്ടെന്നും, നൂറോളം കുട്ടികള്‍ ഇത്തവണ ഡിപ്ലോമ, ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടിണ്ടിയിരുന്നതാണെന്നും പ്രിന്‍സിപ്പല്‍ ഊ ഓര്‍മ്മപ്പെടുത്തി.