വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍: വളര്‍ത്തുമൃഗങ്ങളെ പ്രത്യേകം ആശീര്‍വദിച്ച് ഫിലിപ്പീന്‍സിലെ ദൈവാലയം

 
francis assisis

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളിനോടനുബന്ധിച്ച് വളര്‍ത്തുമൃഗങ്ങളെ ആശീര്‍വദിക്കുന്ന പരമ്പരാഗത ചടങ്ങിന് വേദിയൊരുക്കി ഫിലിപ്പീന്‍സിലെ മനിലയിലുള്ള മലേറ്റ് ദൈവാലയം. 

മൃഗങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഓര്‍മ്മ പുതുക്കുന്ന ഒക്ടോബര്‍ നാലിന് നടന്ന പ്രത്യേക ചടങ്ങില്‍ പൂച്ചകളും നായ്ക്കളും കിളികളും ഉള്‍പ്പെടെ നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളുമായിട്ടായിരുന്നു ആളുകള്‍ പള്ളിയിലെത്തിയത്.

''മൃഗങ്ങളെയും സസ്യങ്ങളെയും ആശീര്‍വദിക്കുന്ന ഈ ചടങ്ങ് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ മലേറ്റ് ഇടവക ഇതിനെ ഏറെ പ്രോത്സാഹിപ്പിച്ചു വരുന്നു,'' പള്ളി വികാരിയായ ഫാദര്‍ ലിയോണിറ്റോ ഡിസ്റ്റോര്‍ പറഞ്ഞു.

പള്ളിയിലെ ഇടനാഴിയില്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി നിരന്നുനിന്ന വിശ്വാസികള്‍, വൈദികന്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കു മേല്‍ വിശുദ്ധ ജലം തളിക്കുന്നതിനായി ക്ഷമയോടെ കാത്തുനിന്നു.

 ദൈവത്തിന്റെ സകല സൃഷ്ടികളെയും ബഹുമാനിക്കാനും പരിപാലിക്കാനുമുള്ള വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആഹ്വാനം അനുസ്മരിക്കുന്നതോടൊപ്പം, ഈ മൃഗങ്ങള്‍ ദിവസേന തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന നിരുപാധികമായ സ്‌നേഹത്തിനും സന്തോഷത്തിനും കൂട്ടിനും നന്ദി പ്രകാശിപ്പിക്കാനുള്ള ലളിതമായ വഴിയായിരുന്നു ഉടമസ്ഥര്‍ക്ക് ഈ ചടങ്ങ്.

''അവരും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. സംസാരിക്കാന്‍ കഴിയില്ല എന്നതൊഴിച്ചാല്‍ അവയ്ക്കും നമ്മളെപ്പോലെ തന്നെ വികാരങ്ങളുണ്ട്,'' നാല് ഷിറ്റ്‌സു ഇനത്തില്‍പെട്ട നായ്ക്കളുടെ ഉടമയായ 32 കാരിയായ നഴ്സ് ഗോഡിന്‍ സുപ്‌നെറ്റ് പറഞ്ഞു. 

''ഞങ്ങളുടെ ജീവിതത്തില്‍ അവരുടെ സാന്നിധ്യത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണെന്ന് ഏതെങ്കിലും വിധത്തില്‍ അവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അവരെ ആശീര്‍വദിപ്പിക്കാന്‍ കൊണ്ടുവന്നത്,'' മറ്റൊരു വ്യക്തി പറഞ്ഞു.

Tags

Share this story

From Around the Web