മെക്സിക്കോയിലെ വിശുദ്ധ ഫ്രാൻസിസ് അസീസി ദൈവാലയം ഇനി ‘തീർഥാടന കേന്ദ്രം’
മെക്സിക്കോയിലെ സാൾട്ടില്ലൊ രൂപതയിലുള്ള വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമത്തിലുള്ള ഇടവക ദൈവാലയത്തെ തീർഥാടന കേന്ദ്രമായി ഉയർത്തുന്നു. മെയ് രണ്ടിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. സമാധാനവും കരുണയും ആഗ്രഹിക്കുന്ന ഏവർക്കും ആത്മീയ അഭയം നൽകുന്ന ഒരു ഇടമായി ഈ ദൈവാലയത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് രൂപതാ ബിഷപ്പ് മോൺസിഞ്ഞോർ ഹിലാരിയോ ഗോൺസാലസ് അറിയിച്ചു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ നടപടി. അതേസമയം, കത്തോലിക്കാ സഭ 2026 നെ വിശുദ്ധന്റെ സ്മരണയ്ക്കായി പ്രത്യേക ജൂബിലി വർഷമായാണ് ആചരിക്കുന്നത്. രൂപതയിലെ വിശ്വാസികൾക്ക് അസീസി പുണ്യവാളനോടുള്ള ആഴമായ ഭക്തി തിരിച്ചറിഞ്ഞാണ് ഈ ദൈവാലയത്തെ പുണ്യസങ്കേതമായി ഉയർത്താൻ തീരുമാനിച്ചതെന്ന് ബിഷപ്പ് വ്യക്തമാക്കി. സുവിശേഷവൽക്കരണം , കുർബാന, കുമ്പസാരം എന്നിവയിലൂടെ വിശ്വാസികൾക്ക് ദൈവകൃപ ലഭിക്കുന്ന പ്രധാന കേന്ദ്രമായി ഇത് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മെക്സിക്കോയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഫ്രാൻസിസ്കൻ സഭയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 1524 ൽ രാജ്യത്തെത്തിയ ഫ്രാൻസിസ്കൻ സന്ന്യാസികളാണ് മെക്സിക്കോയിലെ സുവിശേഷപ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടത്. പ്രാദേശിക ഭാഷകൾ പഠിച്ചും ബൈബിൾ വിവർത്തനം ചെയ്തും അവർ നടത്തിയ സേവനങ്ങൾ ഇന്നും സ്മരിക്കപ്പെടുന്നു. ഇറ്റലിയിൽ ദരിദ്രമായ ജീവിതശൈലിയിലൂടെ ദൈവസ്നേഹം ലോകത്തിന് കാണിച്ചുകൊടുത്ത വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയതയെക്കുറിച്ച് കൂടുതൽ അറിയാൻ പുതിയ തീർഥാടന കേന്ദ്രം വിശ്വാസികളെ സഹായിക്കും.
വിശുദ്ധന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ 2027 ജനുവരി വരെ പ്രത്യേക ജൂബിലി കാലയളവായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് ലോകത്തെവിടെയുമുള്ള വിശുദ്ധ ഫ്രാൻസിസിന്റെ നാമത്തിലുള്ള ദൈവാലയങ്ങൾ സന്ദർശിച്ച് പ്രാർഥിക്കുന്നവർക്ക് സഭയുടെ നിബന്ധനകൾക്ക് വിധേയമായി പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. രോഗികൾക്കും പ്രായമായവർക്കും വീട്ടിലിരുന്നുകൊണ്ട് തന്നെ ഈ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.