വെയില്‍സ് സെന്റ് അന്തോണീസ് ക്നാനായ മിഷനില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

 
cardif

കാര്‍ഡിഫ്: വെയില്‍സിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവര്‍ത്തകനും മിഷന്‍ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.


കാര്‍ഡിഫ് St Illtyd's സ്‌കൂള്‍ ചാപ്പലില്‍ വെച്ച് നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളെ അനുസ്മരിക്കും വിധമാണ് ഇത്തവണത്തെ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്.തിരുനാള്‍ ദിവസം രാവിലെ 9.45-ന് മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ ജിന്‍സ് കണ്ടക്കാട്ട് തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തപ്പെട്ടു.

ക്നാനായ മിഷന്‍സ് യുകെ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ സുനി പടിഞ്ഞാറേക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന അര്‍പ്പിച്ചു. ഫാദര്‍ അജൂബ് തോട്ടനാനിയില്‍, ഫാദര്‍ ജിന്‍സ് കണ്ടക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകര്‍ന്ന് നല്‍കണമെന്ന് ഫാദര്‍ സുനി തിരുനാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്ന ഹൃദ്യമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. ഫാദര്‍ അജൂബ് തോട്ടനാനിയില്‍ പ്രദക്ഷിണത്തിന് കാര്‍മ്മികത്വം വഹിച്ചു.

പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്‍കി. തുടര്‍ന്ന് വിശ്വാസികള്‍ക്കായി അടിമ വയ്ക്കുന്നതിനും കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങള്‍ വണങ്ങി മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.തിരുനാളിനോട് അനുബന്ധിച്ച്, 'വാഴ്വ് 2026' സ്നേഹദീപ പ്രയാണത്തിന് മിഷന്‍ അംഗങ്ങള്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. ഇതോടൊപ്പം സെപ്റ്റംബര്‍ 26-ന് ബര്‍മിംഹാമില്‍ വെച്ച് നടത്തപ്പെടുന്ന 'വാഴ്വ് 2026' കുടുംബസംഗമത്തിന്റെ പ്രവേശന പാസ്സ് കിക്കോഫും പ്രൗഢിയോടെ നിര്‍വ്വഹിക്കപ്പെട്ടു.

തുടര്‍ന്ന് അരങ്ങേറിയ തെക്കന്‍സ് വാദ്യമേളവും, വിവിധങ്ങളായ ഗെയിംസുകളും, ഫുഡ് സ്റ്റാളുകളും, കലാസന്ധ്യയും (Cultural Programmes) ഏവര്‍ക്കും ആസ്വാദ്യകരമായ ഗൃഹാത്വരത്വം ഉണര്‍ത്തുന്ന അനുഭവമായി മാറി. തിരുനാളിനെത്തിയ എല്ലാവര്‍ക്കുമായി വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

പിറ്റേദിവസംഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിച്ചു. ഫാ. ബിനീഷ് മാങ്കോട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കണ്ടക്കാട്ട് കൊടിയിറക്കിയതോടുകൂടി ഈ വര്‍ഷത്തെ ഇടവക തിരുനാളിന് ഔദ്യോഗികമായി പരിസമാപ്തിയായി.

തിരുനാളിന് മുന്നോടിയായി 46 അംഗ പ്രസുദേന്തിമാരെയും മിഷന്‍കമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയ വിജയത്തിന് സഹായകരമായത്. അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ തോമസ്‌കുട്ടി കുഴിമറ്റത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്സ്മോന്‍ ഒറവണക്കളം എന്നിവര്‍ നേതൃത്വം നല്‍കുകയും ഏവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. കേരളത്തില്‍നിന്നും വെയില്‍സിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വലിയ സാന്നിധ്യവും പ്രാര്‍ത്ഥനകളും മിഷന്‍ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതായിരുന്നു എന്ന് തിരുനാള്‍ കമ്മിറ്റി വിലയിരുത്തി.

Tags

Share this story

From Around the Web