കണ്ണമാലി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നേര്‍ച്ചസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

 
kannamali

ഫോര്‍ട്ടുകൊച്ചി: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കണ്ണമാലി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നേര്‍ച്ചസദ്യയില്‍ ജാതിമത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുത്തു.

 രാവിലെ ഏഴിന് കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കുകയും നേര്‍ച്ചസദ്യ ആശീര്‍വദിക്കുകയും ചെയ്തു. സദ്യ വിതരണം അര്‍ധരാത്രി 12 വരെ നീണ്ടു.

1905-ല്‍ കണ്ണമാലി പ്രദേശത്ത് ഉണ്ടായ അതിശക്തമായ കടലാക്രമണത്തെ തുടര്‍ന്നു നിരവധി വീടുകളും കെട്ടിടങ്ങളും നശിക്കുകയും തുടര്‍ന്നുണ്ടായ കോളറ ബാധയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു.

 പ്രദേശവാസികളില്‍ ഏറിയ പങ്കും മരണപ്പെടുകയും ശേഷിച്ചവര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേവാലയ വികാരിയായിരുന്ന മിഷനറി വൈദികന്‍ ഫാ. ജോസഫ് സ്വാരസിന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 19-ന് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി ദിവ്യബലി അര്‍പ്പിക്കുകയും ഭക്ഷണം പാകംചെയ്തു കഴിക്കുകയും ചെയ്തു.

ഒരുമിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിച്ച് മരിക്കുന്നെങ്കില്‍ ഒരുമിച്ചു മരിക്കാം എന്നായിരുന്നു ഫാ. ജോസഫ് വിശ്വാസികളോട് പറഞ്ഞത്. രോഗികളായി കിടന്നവര്‍ക്ക് അതില്‍നിന്നും വീട്ടില്‍കൊണ്ടുപോയി നല്‍കുകയും ചെയ്തു. 

ആ ഭക്ഷണം കഴിച്ച ആര്‍ക്കും രോഗബാധ ഉണ്ടായില്ലെന്നു മാത്രമല്ല, അതോടെ കോളറ ആ പ്രദേശത്തുനിന്നും വിട്ടുമാറുകയും ചെയ്തു. ആ അത്ഭുത സംഭവത്തിന് കൃതജ്ഞതാ സൂചകമായാണ് പിറ്റേവര്‍ഷം മുതല്‍ കണ്ണമാലി പള്ളിയില്‍ നേര്‍ച്ച സദ്യ ആരംഭിക്കുകയായിരുന്നു. 122 വര്‍ഷങ്ങളായി അത് ഇന്നും തുടരുന്നു.

ചോറും വിവിധയിനം കറികളുമുള്‍പ്പെടെ അഞ്ച് കൂട്ടം വിഭവങ്ങളാണ് ഇത്തവണ സദ്യയില്‍ വിളമ്പിയത്. സദ്യയോടൊപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ പായസ വിതരണവും. 

ഒരു ലക്ഷം കുപ്പി പായസവും അമ്പതിനായിരം പേര്‍ക്കുള്ള സദ്യയുമാണ് ഈ വര്‍ഷം ഒരുക്കിയിരുന്നത്.

 ദൂരദേശങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് വിശ്വാസികള്‍ നേര്‍ച്ചസദ്യയില്‍ പങ്കുചേരാന്‍ പതിവുപോലെ കണ്ണമാലി തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയിരുന്നു.

ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. ജോപ്പന്‍ അണ്ടിശേരി, ഫാ. ബെന്നി പണിക്കവീട്ടില്‍, ഫാ. ആന്റണി അറക്കല്‍, ഫാ. ജോബി വാകപ്പാടത്ത്, ഫാ. ബെനസ്റ്റ് ചക്കാലക്കല്‍ എന്നിവരും സദ്യയ്ക്ക് ആയിരത്തിലേറെ വോളണ്ടിയേഴ്സും നേതൃത്വം നല്‍കി.

Tags

Share this story

From Around the Web