വിശുദ്ധ അല്‍ഫോന്‍സ ഭാരതസഭയുടെ അഭിമാനം: മാര്‍ റെമീജിയോസ് ഇഞ്ചനാനി

 
father remijios



ഭരണങ്ങാനം: ഭാരതസഭയുടെ അഭിമാനമാണ് വിശുദ്ധ അല്‍ഫോന്‍സാ എന്നതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും സമാധാനത്തിന്റെ പ്രവാചകയായ വിശുദ്ധയെപ്പോലെ സുവിശേഷം ജീവിക്കാന്‍ തയാറാകണമെന്നും താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനി. 

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. 

അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ രൂപതയിലേക്ക് ദൈവം വര്‍ഷിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു നാല്‍പതിലധികം വൈദികരുടെ സഹകാര്‍മിക ത്വത്തിലാണ് ബിഷപ്പ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത്.

ലെയോ പതിനാലാമന്‍ പാപ്പ ഫ്രാന്‍സിസ്‌കന്‍ വര്‍ഷമായി ഈ വര്‍ഷത്തെ പ്രഖ്യാപിച്ചപ്പോള്‍ ഈ തിരുനാളും ഏറെ പ്രസക്തമാണ്. കാരണം, വിശുദ്ധ അല്‍ഫോന്‍സ അംഗമായിരുന്നത് ഫ്രാന്‍സിസ്‌കന്‍ ആധ്യാത്മികതയുള്ള ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലാണ്. 

700 വര്‍ഷങ്ങള്‍ക്കുശേഷം അസീസിയിലെ വിശുദ്ധന്റെ ആധ്യാത്മികതയ്ക്ക് സജീവത നല്‍കുകയാണ് വിശുദ്ധ അല്‍ഫോന്‍സാ ചെയ്തത്.

 അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ സുവിശേഷത്തിലെ ക്രിസ്തുവിനെ അറിഞ്ഞ് അനുപദം അനുകരിച്ചവളാണ് വിശുദ്ധ അല്‍ഫോന്‍സയെന്നും മാര്‍ റെമീജിയോസ് അനുസ്മരിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയെ പ്രത്യേക മധ്യസ്ഥയായി തെരഞ്ഞെടുത്തിരിക്കുന്ന താമരശേരി രൂപതയുടെ തീര്‍ഥാടനത്തിന് 40 ലധികം വൈദികരും നൂറിലധികം സന്യസ്തരും അനേകം അല്‍മായ സഹോദരങ്ങളും പങ്കെടുത്തു. തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്നലെ അല്‍ഫോന്‍സിയന്‍ വൈദികദിനമായി ആചരിച്ചു. 

വൈദികര്‍ക്കു വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. രാവിലെ 10ന് രാഷ്ട്രദീപിക ലി മിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി.

ഫാ. തോമസ് മൂലേച്ചാലില്‍, ഫാ. ജോസഫ് ആലഞ്ചേരി, ഫാ.ഡോ. ഉല്ലാസ് വട്ടംതൊട്ടിയില്‍ വിസി, ഫാ. അലക്‌സാണ്ടര്‍ പൈകട, ഫാ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ജോസഫ് വള്ളോംപുരയിടം, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് എന്നിവരും വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനകളര്‍പ്പിച്ച് സന്ദേശം നല്‍കി. വൈകുന്നേരം 6.15ന് ഫാ. ജോസഫ് മൂക്കന്‍തോട്ടത്തില്‍ ജപമാല തിരിപ്രദക്ഷിണം നയിച്ചു.
 

Tags

Share this story

From Around the Web