യുകെ മലയാറ്റൂരായ മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷനില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ഇന്ന്

മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ 2006 -ല്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ചുമതല വഹിച്ചിരുന്നപ്പോള്‍ ആരംഭിച്ച തിരുന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
ഇരുപത് വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും മാഞ്ചസ്റ്റിലേക്ക് കുടിയേറിയ മലയാളികള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസവും മൂല്യവും പകര്‍ന്ന് ലഭിക്കാന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്.
കേരളത്തിലെ ഇടവകകളില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാനമായ ആഘോഷങ്ങളാണ് ഇരുപത് വര്‍ഷവും മാഞ്ചസ്റ്റര്‍ നിവാസികള്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിഞ്ഞു വന്നിരുന്നത്.
സജിയച്ചനെ തുടര്‍ന്ന് റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരിയും, റവ. ഫാ. ജോസ് അഞ്ചാനിക്കലും മിഷനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ചു. റവ. ഫാ. ജോസ് കുന്നുംപുറമാണ് ഇപ്പോള്‍ മിഷനെ നയിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കുറി തിരുന്നാളിന്റെ ഇരുപതാം വാര്‍ഷികം കൂടി ആയതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുവാന്‍ വേണ്ടി വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവന്നിരുന്നത്.
ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാസ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളാണ് മാഞ്ചസ്റ്ററില്‍ ഇന്ന് നടക്കുന്നത്.
യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററില്‍ ആയിരുന്നു.പിന്നീട് എല്ലാവര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ആയി ആഘോഷിച്ചുവരികയാണ്.
ഒരു പ്രവാസിയായി എത്തിയപ്പോള്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാല്‍ ആഘോഷങ്ങള്‍ എല്ലാം പിന്നീട് മാഞ്ചസ്റ്ററില്‍ എത്തുന്ന കാഴ്ചയാണ് മലയാളി സമൂഹം കണ്ടത്.
മുത്തുക്കുടകളും പോന്‍ - വെള്ളി കുരിശുകളുമെല്ലാം നാട്ടില്‍നിന്നും എത്തിച്ചു തിരുന്നാള്‍ ആഘോഷകള്‍ക്ക് തുടക്കം കുറിക്കുകയും പിന്നീട്ട് നാട്ടിലേക്കാളും കേമമായി തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത് മാഞ്ചെസ്റ്ററിലാണെന്ന് ഇവിടുത്തെ പഴമക്കാര്‍ പറയുന്നു.
മാഞ്ചെസ്റ്ററിനു തിലകക്കുറിയായി വിഥിന്‍ഷോയില്‍ തലഉയത്തിനില്‍ക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.
മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കൊപ്പം തദ്ദേശീയരായ ഇംഗ്ലീഷ് ജനതയ്ക്കും തിരുന്നാള്‍ ആഘോഷമാണ്. കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും, മുത്തുക്കുടകളും, ചെണ്ട, ബാന്‍ഡ് മേളങ്ങള്‍ എല്ലാം കാണുവാന്‍ ഒട്ടേറെ തദ്ദേശീയരും വര്‍ഷാവര്‍ഷം എത്താറുണ്ട്.
പ്രധാന തിരുന്നാള്‍ ദിനത്തില്‍ പൗരാണികതയും,പ്രൗഢിയും വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം ഏറെ അനുഗ്രഹപ്രദമാണ്. പൊന്‍ - വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് സെന്റ് ആന്റണീസ് ദേവാലയവും പരിസരവും. നാനാജാതി മതസ്ഥര്‍ ആഘോഷങ്ങളുടെ ഭാഗമാകും.
യു കെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുന്നാളാഘോഷം ഇന്ന് ശനിയാഴ്ച (5/7/25) നടക്കും.
വിഥിന്‍ഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന സെന്റ് ആന്റണീസ് ദേവാലയം കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് മോടിപിടിപ്പിച്ച് തിരുന്നാളില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ കൃത്യം 9.30 ന് തിരുനാള്‍ കുര്‍ബാനയുടെ തുടക്കമായി ആദ്യ പ്രദക്ഷിണം ഗില്‍ഡ് റൂമില്‍നിന്നും ആരംഭിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സിറോ മലബാര്‍ സഭയുടെ ഏറ്റവും ആഘോഷപൂര്‍വ്വമായ പാട്ടു കുര്‍ബാന തുടക്കമാകും.
പ്രധാന തിരുന്നാള്‍ ദിനമായ ഇന്ന് ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും.
ആഷ്ഫോര്‍ഡ് മാര്‍സ്ലീവാ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാവുമ്പോള്‍ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോണ്‍സാ കത്തീഡ്രല്‍ വികാരി റവ.ഡോ. വര്‍ഗീസ് തനമാവുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും.
റവ. ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, റവ ഫാ. ഫ്രാന്‍സീസ് കൊച്ചുപാലിയത്ത് എന്നിവരുള്‍പ്പെടെയുള്ള വൈദീകര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും, സ്‌നേഹവിരുന്നും നടക്കും.
ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞും പിന്നീട് തിരുന്നാള്‍ പ്രദക്ഷിണം ആരംഭിക്കും. തിരുന്നാള്‍ പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്നും ആരംഭിക്കുമ്പോള്‍ നൂറുകണക്കിന് മുത്തുക്കുടകളും, കൊടികളും, പൊന്‍ വെള്ളി കുരിശുകളും, വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തില്‍ അകമ്പടിയാകും.
വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ കന്യാമറിയത്തിന്റേയും, വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുസ്വരൂപങ്ങള്‍ എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുമ്പോള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ തദ്ദേശീയരും, നാനാ ജാതി മതസ്ഥരും റോഡിനിരുവശവും കാത്തു നില്‍ക്കുന്നത് പതിവാണ്.
വാറിങ്ങ്ടണ്‍ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ എത്തുന്നത്. കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ് എന്ന ഐറിഷ് പൈപ്പ് ബാന്‍ഡും തിരുന്നാള്‍ പ്രദക്ഷിണത്തില്‍ അണിനിരക്കും.
മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാള്‍ പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.
ഇടവകയിലെ ഭക്തസംഘടനകളായ മെന്‍സ് ഫോറം, വിമന്‍സ് ഫോറം, എസ്.എം.വൈ.എം, സാവിയോ ഫ്രണ്ട്‌സ്, മിഷന്‍ ലീഗ്, അള്‍ത്താര ബാലന്‍മാര്‍ തുടങ്ങി വിവിധ സംഘടനകള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു.
എസ്.എം.വൈ.എം ഒരുക്കുന്ന ഐസ് ക്രീം കടകള്‍ മുതല്‍ നാടന്‍ വിഭവങ്ങളുമായി വിവിധ സ്റ്റാളുകള്‍ പള്ളിപ്പറമ്പില്‍ പ്രവര്‍ത്തിക്കും.
ഇടവകയിലെ വിമന്‍സ് ഫോറമാണ് പഫ്‌സ്, പരിപ്പുവട, ബോണ്ട, പഴംപൊരി തുടങ്ങിയ സ്വാദൂറും നാടന്‍ വിഭവങ്ങളുമായി കടകള്‍ ഒരുക്കുന്നത്.
വീട്ടമ്മമാര്‍ അവരുടെ വീടുകളില്‍ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും ഭക്ത സാധനങ്ങളും എല്ലാം തിരുന്നാള്‍ പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളില്‍ മിതമായ നിരക്കില്‍ ലഭ്യമാണ്. തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കെല്ലാം സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.
വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യമാണ് തിരുന്നാള്‍ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ സമീപം പിന്‍ഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് എത്തി വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാര്‍ക്ക് ചെയ്തശേഷം വേണം ദേവാലയത്തില്‍ എത്തിച്ചേരുവാന്‍.
ഇവിടെ ചുമതലയുള്ള വൊളണ്ടിയേഴ്‌സിന്റെ നിര്‍ദ്ദേശാനുസരണങ്ങള്‍ ഏവരും പാലിക്കണമെന്നും പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന ഇരുപതാം വാര്‍ഷിക തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുകയും ചരിത്രത്തിന്റെ ഭാഗവുമാകും. തുടര്‍ന്ന് നേര്‍ച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യന്‍, ജയന്‍ ജോണ്‍, ദീപു ജോസഫ് എന്നിവരുടെയും പരിഷ്‌കമ്മറ്റിയുടെയും നേതൃത്വത്തിലുള്ള 101 അംഗ കമ്മറ്റിയാണ് 20-ാമത് തിരുനാള്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ കഴിഞ്ഞ ഒരു മാസക്കാലമായി പ്രവര്‍ത്തിച്ച് വന്നിരുന്നത്.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.
റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗ്ഗീസ്
ദേവാലയത്തിന്റെ വിലാസം:
ST.ANTONY'S CHURCH, WYTHENSHAWE,
DUNKERY ROAD,
MANCHESTER,
M22 0WR.
വാഹനങ്ങള്‍ പാര്‍ക്കുചെയ്യേണ്ട സ്ഥലത്തെ വിലാസം:
St Anthonys R C Primary School,
Dunkery Rd,
Wythenshawe,
Manchester,
M22 0NT.